ഐഎസ്എല്‍: പൂനെ സിറ്റി ഇന്ന് എഫ്‌സി ഗോവയെ നേരിടും

പൂനെ: ഐഎസ്എല്ലില്‍ ഇന്ന് പൂനെയില്‍ നടക്കുന്ന മത്സരത്തില്‍ പൂനെ സിറ്റി എഫ്‌സി ഗോവയെ നേരിടും. രണ്ടാഴ്ചയോളം ഇടവേള കഴിഞ്ഞാണ് എഫ്‌സി ഗോവ ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. ഇന്ന് വിജയിച്ചു ലീഗില്‍ മുന്നോട്ട് കുതിക്കാനാകും ഗോവ ശ്രമിക്കുക. പൂനെ ആകട്ടെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്.

ഇയാന്‍ ഹ്യൂമിന്റെ വരവോടെ പൂനെ സിറ്റി ചെറുതായെങ്കിലും ഒരു ടീം പോലെ കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഹ്യൂമിന്റെ ബൂട്ടുകള്‍ ഗോള്‍ കൂടെ കണ്ടെത്തി തുടങ്ങിയാല്‍ പൂനെ കൂടുതല്‍ മെച്ചപ്പെടും. കഴിഞ്ഞ കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയതാണ് പൂനെയുടെ സീസണിലെ ആദ്യ ക്ലീന്‍ ഷീറ്റ്. പ്ലേ ഓഫ് ഇപ്പോഴും വളരെ ദൂരെ ആണ് എങ്കിലും തുടര്‍വിജയങ്ങള്‍ അവിടെ എത്താന്‍ പൂനെ സിറ്റിയെ സഹായിക്കും.

ഡിഫന്‍സ് തന്നെയാണ് ഇരുടീമുകളുടെയും പ്രധാന പ്രശ്‌നം എന്നതു കൊണ്ട് ഇന്ന് കൂടുതല്‍ ഗോളുകള്‍ പ്രതീക്ഷിക്കാം. പൂനെയുമായി കളിച്ച അവസാന രണ്ടു മത്സരങ്ങളില്‍ നിന്ന് 8 ഗോളുകള്‍ നേടാന്‍ ഗോവയ്ക്ക് കഴിഞ്ഞിരുന്നു.

Top