ഐ.എസ്.എല്‍: അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങള്‍ നടക്കുന്ന വ്യാഴാഴ്ച കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് ഒരുക്കുന്നു. ഏഴ് മിനിറ്റ് ഇടവേളയില്‍ 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ ഒരുക്കുന്നത്.

ജെ.എല്‍.എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്.എന്‍ ജംങ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വീസ് 11.30ന് ആയിരിക്കും. രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാന്‍ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബാള്‍ ആരാധകര്‍ക്കും മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

Top