ഐഎസ്എല്‍; വിജയം തുടരാന്‍ കൊമ്പന്മാര്‍, ഒന്നാമതെത്താന്‍ 3 ഗോള്‍ നേട്ടം അനിവാര്യം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 41-ാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ലീഗില്‍ ഒപ്പത്തിനൊപ്പമാണ്.അവസാന രണ്ടു മത്സരങ്ങളില്‍ 3-0 എന്ന സ്‌കോറിന് ചെന്നൈയിനെയും മുംബൈ സിറ്റിയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. അവസാന ആറു മത്സരങ്ങളില്‍ ടീം പരാജയം അറിഞ്ഞിട്ടില്ല.

ഇന്നത്തെ മത്സരം ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് 15 പോയിന്റാകും. അതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്സിക്കൊപ്പമെത്താം. എന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമനാകണമെങ്കില്‍ ഇന്ന് ജംഷഡ്പൂരിനെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തണം.

നേരത്തെ, ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂരും എട്ട് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ജംഷെഡ്പൂര്‍ രണ്ടിലും ബ്ലാസ്റ്റേഴ്സ് ഒന്നിലും ജയിച്ചു. അഞ്ച് കളി സമനിലയില്‍ അവസാനിച്ചു. ബ്ലാസ്റ്റേഴ്സ് പതിനൊന്നും ജംഷെഡ്പൂര്‍ പന്ത്രണ്ടും ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ആദ്യ കളിയില്‍ ബ്ലാസ്റ്റേഴേസ് രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചപ്പോള്‍, റണ്ടാം മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.

ജംഷഡ്പൂര്‍ എഫ്‌സി ബെംഗളൂരു എഫ്‌സിക്കെതിരെ ഗോള്‍രഹിത സമനിലയുമായാണ് ഇന്നത്തെ മത്സരത്തിന് എത്തുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നേടിയ മിന്നും വിജയത്തിന്റെ പ്രതീക്ഷയുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നത്. ഈ മത്സരം ഇരുടീമുകളുടെയും ടോപ് 4 പ്രതീക്ഷകള്‍ക്ക് നിര്‍ണായകമാണ്. പരിക്ക് കാരണം വാല്‍സ്‌കിസ്, പ്രണോയ് ഹാള്‍ദര്‍, കോമല്‍ തറ്റാല്‍ എന്നിവര്‍ ഇന്ന് ഉണ്ടാകില്ല. കേരള ബ്ലാസ്റ്റേഴ്സില്‍ പുതിയ പരിക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ല. ഇന്ന് രാത്രി 7.30നാണ് മത്സരം.

Top