ഐഎസ്എല്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജീവന്‍മരണ പോരാട്ടം. സെമിഫൈനല്‍ ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സ് വൈകിട്ട് ഏഴരയ്ക്ക് മുംബൈ സിറ്റിയെ നേരിടും.

ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും സെമിയുറപ്പിച്ചുകഴിഞ്ഞു. ശേഷിച്ച രണ്ട് സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പടെ മൂന്ന് ടീമുകള്‍. പതിനെട്ട് കളിയില്‍ എടികെ മോഹന്‍ ബഗാന് മുപ്പത്തിനാലും മുംബൈ സിറ്റിക്ക് മുപ്പത്തിയൊന്നും ബ്ലാസ്‌റ്റേഴ്‌സിന് മുപ്പതും പോയിന്റാണുള്ളത്. ഇതുകൊണ്ടുതന്നെ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്‌റ്റേഴ്‌സിന് നാലാം സ്ഥാനത്തുള്ള മുംബൈയെ തോല്‍പിക്കാതെ രക്ഷയില്ല.

കളി സമനിലയിലായാല്‍ ഗോവയ്‌ക്കെതിരായ മത്സരത്തിനൊപ്പം മുംബൈ-ഹൈദരാബാദ് മത്സരത്തിലേക്കും ബ്ലാസ്‌റ്റേഴ്‌സിന് ഉറ്റുനോക്കേണ്ടിവരും. ഇരു ടീമും 34 പോയിന്റ് വീതം നേടിയാല്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നോട്ടുപോകും. ആദ്യപാദത്തില്‍ നേടിയ എതിരില്ലാത്ത മൂന്ന് ഗോള്‍ജയമാവും ബ്ലാസ്‌റ്റേഴ്‌സിന് തുണയാവുക.

Top