ലോഗോയിലുള്ള ആനയുടെ ചിത്രം മറച്ച് ബ്ലാസ്റ്റേഴ്സ്

കൊച്ചി: പാലക്കാട് കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തെ അപലപിച്ച് ഐ.എഎസ്.എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ ലോഗോയിലുള്ള ആനയുടെ ചിത്രം മറച്ചാണ് ബ്ലാസ്റ്റേഴ്സ് പ്രതിഷേധം അറിയിച്ചത്.

‘ആരേയും ഉപദ്രവിക്കാത്ത ഒരു മൃഗത്തോട് ചിലര്‍ ചെയ്ത ക്രൂരതയെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വേദനിച്ചു. ദൗര്‍ഭാഗ്യവശാല്‍ ഗര്‍ഭിണിയായ ആനയ്ക്ക് പടക്കം ഭക്ഷണമായി നല്‍കുന്നത് രസകരമാണെന്ന് ചിലര്‍ കരുതിയതോടെ അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. ഒരു സംസ്ഥാനത്തെ എല്ലാവരുടെയും അറിവിന്റെയും വിശ്വസ്തതയുടെയും അവബോധത്തിന്റെയും പ്രതീകമായ ആന ദശാബ്ദങ്ങളായി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ഈ പ്രവര്‍ത്തിയെ എല്ലാവരും അപലപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്’, – ബ്ലാസ്റ്റേഴ്സ് കുറിച്ചു.

സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് 15 വയസ്സ് തോന്നിക്കുന്ന ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണമായും തകര്‍ന്നിരുന്നു.

ക്ഷണമോ വെള്ളമോ കഴിക്കാന്‍ കഴിയാതെ ദിവസങ്ങളോളം ആന വേദന കൊണ്ടുപുളഞ്ഞു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളിയാറിലെ വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെ മേയ് 27-നാണ് കാട്ടാന ചരിഞ്ഞത്.

സൈലന്റ്വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.

മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ആനയെ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്ന് ആനയെ കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.ആന ഒരു മാസം ഗര്‍ഭിണിയായിരുന്നതായി ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.

കാട്ടാന ചരിഞ്ഞത് സംബന്ധിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണന്റെ സാമൂഹികമാധ്യമത്തിലെ പോസ്റ്റ് വൈറലായിരുന്നു. തുടര്‍ന്ന് ദേശീയ മാധ്യമങ്ങളിലും വിഷയം വാര്‍ത്തയാകുകയും ചെയ്തു.

Top