ഐഎസ്എല്‍; വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കൊല്‍ക്കത്തന്‍ വമ്പന്മാരെ വീഴത്തി ബ്ലാസ്‌റ്റേഴ്‌സ്. ഇന്നു നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.

ഐ.എസ്.എല്‍. ചരിത്രത്തില്‍ ഏഴു ജയവും അഞ്ചു സമനിലയുമായി 26 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നത്തെ ജയത്തിലൂടെ സ്വന്തമാക്കിയത്. ഇതാദ്യമായാണ് അവര്‍ പോയിന്റ് പട്ടികയില്‍ ഇത്രയും ഉയര്‍ന്ന പോയിന്റ്് നേടുന്നത്. 2017-18 സീസണില്‍ നേടിയ 25 പോയിന്റായിരുന്നു ഇതിനു മുമ്പുള്ള റെക്കോഡ്.

ഇന്നു നടന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ 49ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നു സിപോവിച്ചാണ് അവരുടെ വിജയഗോള്‍ നേടിയത്. പൂട്ടിയ എടുത്ത കോര്‍ണറില്‍ ഉയര്‍ന്നു ചാടിയ സിപോവിച്ചിനു പിഴച്ചില്ല; ഒപ്പം ബ്ലാസ്‌റ്റേഴ്‌സിനും.

മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയതും കേരളാ ടീമായിരുന്നു. പക്ഷേ തുറന്നെടുത്ത അവസരങ്ങള്‍ അതേ ആവേശത്തില്‍ തുലയ്ക്കുന്നതിലും മഞ്ഞപ്പട മുന്നില്‍നിന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. 14ാം മിനിറ്റിലും 25ാം മിനിറ്റിലും 28ാം മിനിറ്റിലും ഗോളിന് അരികില്‍ എത്തിയെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകള്‍ വിനയായി.

പിന്നീട് രണ്ടാം പകുതി തുടങ്ങിയ ശേഷം നടത്തിയ മുന്നേറ്റമാണ് വിജയഗോളില്‍ കലാശിച്ചത്. ഗോള്‍ നേടിയ ശേഷവും ആക്രമിച്ചു തന്നെ കളിച്ചെങ്കിലും സ്‌കോര്‍ നില ഉയര്‍ത്താന്‍ ഫിനിഷിങ്ങിലെ പോരായ്മകള്‍ കാരണം കഴിഞ്ഞില്ല.

ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടോപ് 4ല്‍ തിരികെയെത്തി. 15 മത്സരങ്ങളില്‍ 26 പോയിന്റുമായി നലവില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. 29 പോയിന്റുമായി ഒന്നാമതുള്ള ഹൈദരബാദിനെക്കാള്‍ ഒരു മത്സരം കുറവാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്.

Top