മുംബൈ സിറ്റിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയം

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്‌സിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.

ആദ്യ പകുതിയില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ (27) ഗോളില്‍ ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ അല്‍വാരോ വാസ്‌കസ് (47), ഹോസെ പെരേര ഡയസ് (51 പെനല്‍റ്റി) എന്നിവരുടെ ഗോളുകളിലൂടെ ഗോള്‍ നേട്ടം മൂന്നാക്കി.

പ്രതിരോധനിര താരം എനസ് സിപോവിച്ച് പരുക്കേറ്റ് പുറത്തിരിക്കുമ്പോഴും ലെസ്‌കോവിച്ചും ഇന്ത്യന്‍ താരങ്ങളും പേരുകേട്ട മുംബൈ മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്തി. മുംബൈ സിറ്റി ക്യാപ്റ്റന്‍ മൊര്‍ത്താഡ ഫാള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോസെ പെരേരയെ ഫൗള്‍ ചെയ്തതിനു ചുവപ്പുകാര്‍ഡു കണ്ട് പുറത്തായി. രണ്ടാം പകുതിയില്‍ മുംബൈ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു.

രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് 9 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് രണ്ട് ജയം, മൂന്ന് സമനില, ഒരു തോല്‍വി എന്നീ ഫലങ്ങളാണുള്ളത്. തോറ്റെങ്കിലും 15 പോയിന്റുള്ള മുംബൈ തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഒഡിഷയ്‌ക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ ജയം.

Top