ഐഎസ്എൽ; മികച്ച പ്രകടനം നടത്താൻ കഴിയാത്തതിൽ ക്ഷമാപണവുമായി ജിങ്കന്‍

മഡ്ഗാവ്: ഐഎസ്എല്ലില്‍ ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിയാതെ നാണംകെട്ട് നിൽക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമെന്നു പേരുകേട്ട മഞ്ഞപ്പടയുടെ സീസണിലെ പ്രകടനം ആരാധകർക്ക് തിരിച്ചടിയാണ്.

നാലു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു മല്‍സരം പോലും ജയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബ്ലാസ്‌റ്റേഴ്‌സ്.

ആദ്യ മൂന്നു മല്‍സരങ്ങളിലും സമനില വഴങ്ങേണ്ടിവന്ന മഞ്ഞപ്പടയ്ക്ക് ഇന്നലെ മഡ്ഗാവില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് തോൽവി നേരിടേണ്ടി വന്നത്.

സീസണിലെ ആദ്യ എവേ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ എഫ്‌സി ഗോവ തകർത്തെറിഞ്ഞു.

അതേസമയം ഗോവയ്‌ക്കെതിരായ തോല്‍വിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്‌നും ഡിഫന്‍ഡറുമായ ജിങ്കന്‍ ആരാധകരോട് മാപ്പു ചോദിച്ചു.

തന്റെയും ടീമിന്റെയും ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഗോവയ്‌ക്കെതിരേയുള്ളത്. ഇത്രയും മോശമായി കളിക്കേണ്ടിവന്നതില്‍ ബ്ലാസ്റ്റ്‌റ്റേഴ്‌സിന്റെ ആരാധകര്‍ പൊറുക്കണം.

ഇതാണ് ഫുട്‌ബോളും ജീവിതവും. എന്നാല്‍ കറുത്ത ദിനങ്ങള്‍ എക്കാലവും നിലനില്‍ക്കില്ല.

നിങ്ങള്‍ വിശ്വസിച്ചു കൊണ്ടേയിരിക്കണം, കാരണം ഇരുട്ടിന്റെ മറുവശത്ത് പ്രകാശമാണുള്ളത്. ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞാണ് ജിങ്കന്റെ ട്വിറ്റര്‍ കുറിപ്പ് അവസാനിക്കുന്നത്.

Top