ഐഎസ്എല്‍; ഫൈനല്‍ മത്സരത്തിന് കാണികളുടെ എണ്ണം കുറച്ചേക്കുമെന്ന ആശങ്ക അവസാനിച്ചു

ഫട്ടോര്‍ഡ: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ മത്സരത്തിന് കാണികളുടെ എണ്ണം കുറച്ചേക്കുമെന്ന ആശങ്ക അവസാനിച്ചു. സ്‌റ്റേഡിയത്തിലേക്ക് 100% പ്രവേശനം അനുവദിക്കുന്നത് ഗോവാ സര്‍ക്കാറിന്റെ വിദഗ്ദ സമിതിയും എതിര്‍ക്കില്ല. രാവിലെ 10 മണി മുതല്‍ ബുക്ക് മൈ ഷോ ആപ്പിലൂടെ ശേഷിക്കുന്ന ടിക്കറ്റുകളും വില്‍പനയ്‌ക്കെത്തും.

കലാശപ്പോരാട്ടം വരെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമമാവുന്നു. ഫട്ടോര്‍ഡയില്‍ മഞ്ഞക്കടല്‍ തീര്‍ക്കാന്‍ ആരാധകര്‍ക്ക് ഇനി ധൈര്യമായി വണ്ടി കയറാം. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്‌റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റും വില്‍പനയ്ക്ക് വയ്ക്കും. സംഘാടകര്‍ മുഴുവന്‍ കാണികളെയും പ്രവേശിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ആരോഗ്യവകുപ്പിലെ വിദഗ്ദ സമിതി അംഗങ്ങള്‍ എതിര്‍ത്തതാണ് അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പരമാവധി 75 ശതമാനം ആവാമെന്നായിരുന്നു നിര്‍ദ്ദേശം. ഗോവാ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന വിദഗ്ദ സമിതി യോഗം ഒടുവില്‍ 100 ശതമാനത്തിന് സമ്മതം മൂളി.

സിനിമാ തിയേറ്ററും പാര്‍ക്കുകളും അടക്കം എല്ലായിടത്തും 100 ശതമാനം പ്രവേശനം അനുവദിക്കുന്ന സംസ്ഥാനത്ത് ഐഎസ്എല്ലിന് മാത്രമായി നിയന്ത്രണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കാണികള്‍ ആര്‍ടിപിസിആര്‍ നെഗറ്റീസ് സര്‍ട്ടിഫിക്കറ്റോ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കരുതണം. രോഗലക്ഷണമുള്ളവരെ തടയും. മാസ്‌കും സാനിറ്റൈസറുമൊക്കെയായി മഞ്ഞപ്പടയ്ക്ക് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലേക്ക് കയറിച്ചെല്ലാം.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌-ഹൈദരാബാദ് എഫ്‌സി ഫൈനലിന് ഇനി രണ്ട് നാള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഫൈനലിലെ ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായ അവസാനവട്ട പരിശീലനം ഇന്നും നാളെയുമായി നടക്കും. നാളെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മാധ്യമങ്ങളെ കാണും. രണ്ടാംപാദ സെമിയില്‍ കളിക്കാതിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഫൈനലില്‍ കളിക്കുമോയെന്ന് ഉറപ്പില്ല.

Top