ആദ്യ ജയം കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും, നേരിടേണ്ടത് കരുത്തരായ ഒഡീഷയെ

ന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – ഒഡീഷ എഫ്.സി പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം. ആദ്യത്തെ കളിയിലെ തോല്‍വിക്ക് ശേഷം തുടര്‍ച്ചയായ രണ്ട് സമനിലയോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. നോര്‍ത്ത് ഈസ്റ്റുമായി ഗോള്‍രഹിത സമനില ആയിരുന്നപ്പോള്‍ കഴിഞ്ഞ കളിയില്‍ കരുത്തരായ ബെംഗളൂരുവുമായി ( 1-1 ) എന്ന സ്‌കോറിനാണ് കേരളം സമനിലയില്‍ പിരിഞ്ഞത്.

ആഷിഖ് കുരുണിയന്റെ സെല്‍ഫ് ഗോളിലാണ് ബെംഗലൂരുവിനെതിരെ കേരളം കഷ്ടിച്ച് സമനില പിടിച്ചത്.സീസണ്‍ തുടങ്ങി മൂന്ന് മത്സരങ്ങള്‍ പിന്നിട്ടിട്ടും പേരിനൊത്ത പ്രകടനം ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഉണ്ടായില്ല. രണ്ട് സമനിലയും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ട് തന്നെ ഒഡീഷയെ കീഴടക്കി സീസണിലെ ആദ്യ വിജയം സ്വന്തമാക്കാനായിരിക്കും കേരളത്തിന്റെ ശ്രമം.

ഫിനിഷിങിലെ പോരായ്മയാണ് ടീമിന് വിനയാകുന്നതെന്ന് പരിശീലകനും സമ്മതിക്കുന്നുണ്ട്. അഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്‌ക്വാസ് എന്നിവര്‍ ഗോള്‍ കണ്ടെത്തിയാല്‍ മാത്രമേ കേരളത്തിന് മുന്നോട്ടുള്ള യാത്ര എളുപ്പമാകൂ. പകരക്കാരനായിറങ്ങാറുള്ള ചെഞ്ചോ ഇന്ന് ആദ്യ ഇലവണില്‍ ഉണ്ടായേക്കും.

ഒഡീഷയാകട്ടെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് എത്തുന്നത്. അതിലുപരി ഒന്‍പത് ഗോളുകളും അവര്‍ എതിരാളികളുടെ വലയില്‍ സ്‌കോര്‍ ചെയ്തിട്ടുമുണ്ട്. രണ്ട് കളിയില്‍ ആറ് പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ഒഡീഷ.

Top