ജംഷഡ്പൂര്‍ എഫ്സിയെ തോല്‍പ്പിച്ച് തകര്‍പ്പന്‍ ജയവുമായി ചെന്നൈയിന്‍ എഫ്സി.

ചെന്നൈ: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്സിയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ്സി. ചെന്നൈയിന്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ജംഷഡ്പൂരിനെ കീഴടക്കിയത്. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനും ചെന്നൈയിന് സാധിച്ചു.

ഇതോടെ പോയന്റ് പട്ടികയില്‍ ചെന്നൈ 18 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ചെന്നൈയുടെ നെരിജുസ് വാല്‍സ്‌കിസാണ് ടീമിനുവേണ്ടി ഇരട്ട ഗോള്‍ നേടിയത്.

കളിയുടെ 42-ാം മിനിറ്റില്‍ ആന്ദ്രെ ഷെംബ്രിയും ചെന്നൈക്ക് ഗോള്‍ സമ്മാനിച്ചു. 87-ാം മിനിറ്റില്‍ ലല്ലിയാന്‍സുവാല ചാംഗ്‌തെയും ചെന്നൈയിന്റെ ഗോള്‍ പട്ടിക തികച്ചു.

ജംഷഡ്പൂരിന്റെ ആശ്വാസ ഗോള്‍ വീണത് 71–ാം മിനിറ്റില്‍ സെര്‍ജിയോ കാസിലിന്റെ ഗോളിലൂടെയായിരുന്നു.

13 കളികളില്‍ 16 പോയന്റുള്ള ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്താണുള്ളത്. നാലാം സ്ഥാനത്ത് തുടരുന്ന ഒഡീഷ എഫ്സിയുമായി ചെന്നൈയിന് മൂന്ന് പോയന്റ് വ്യത്യാസം മാത്രമാണ്.

Top