ഐഎസ്എല്‍: ആദ്യ എവേ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

എസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ആദ്യ എവേ മത്സരത്തിൽ ഒഡിഷ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

സ്വന്തം കാണികൾക്ക് മുന്നിൽ ആവേശത്തുടക്കം നേടിയെങ്കിലും പിന്നാലെ തോൽവി വഴങ്ങിയതോടെ പ്രതിരോധത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്നാം കളി എവേ മത്സരമെന്ന അധിക ആശങ്ക കൂടിയുണ്ട് ബ്ലാസ്റ്റേഴ്സിന്. പ്രതിരോധം മറന്ന് ആക്രമണത്തിന് ഇറങ്ങിയതാണ് എടികെ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന് പറ്റിയ അമളി. കൗണ്ടര്‍ അറ്റാക്കിംഗിലൂടെ എടികെ അടിച്ച് കൂട്ടിയത് അഞ്ച് ഗോൾ. ഒഡിഷക്കെതിരെ ഈ പ്രശ്നം പരിഹരിക്കാനാവും കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ ആദ്യ ശ്രമം. പ്രതിരോധനിരയിൽ ചില മാറ്റങ്ങളും കണ്ടേക്കും.

ബ്ലാസ്റ്റേഴ്സിന്റെ അതേ അവസ്ഥയാണ് ഒഡിഷ എഫ്‌സിക്കും. ജംഷെഡ്‌പൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് തുടങ്ങിയ ഒഡിഷ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് മുംബൈ സിറ്റിയോട് തോറ്റിരുന്നു.

ഇന്നലെ നടന്ന മുംബൈ സിറ്റി-ജംഷഡ്‌പൂർ എഫ്‌സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. എട്ടാം മിനിറ്റിൽ ലാലിയന്‍സ്വാല ചാങ്‌തേയിലൂടെ മുംബൈയാണ് ആദ്യ ഗോൾ നേടിയത്. 12-ാം മിനിറ്റിൽ ഡാനിയേല്‍ ചിമ ജംഷഡ്‌പൂരിനായി സമനില ഗോൾ നേടി.

Top