ഐഎസ്എല്‍; എഫ്‌സി ഗോവ – ബംഗളൂരു എഫ്‌സി പോരാട്ടം ഇന്ന്

ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ആതിഥേയരായ എഫ്സി ഗോവ ബംഗളൂരു എഫ്സിയെ നേരിടും. രാത്രി 7.30ന് ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. കരുത്തുയര്‍ത്തി ഗോവ കന്നിക്കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടാം കിരീടം മോഹിച്ചാണ് സുനില്‍ ഛേത്രി ഉള്‍പ്പെടുന്ന ബംഗളൂരു എഫ്സി ഇറങ്ങുന്നത്. സുനില്‍ ഛേത്രിയെന്ന ഇന്ത്യന്‍ നായകനിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. മലയാളി താരം ആഷിഖ് കുരുണിയനും ബംഗളൂരുവിനൊപ്പമുണ്ട്.

മുന്നേറ്റ നിരയിലേക്ക് രണ്ട് വിദേശ താരങ്ങളെയാണ് ഇത്തവണ ബംഗളൂരു ഇറക്കിയിരിക്കുന്നത്. തായ്ലന്‍ഡ് ലീഗില്‍ തിളങ്ങിയിട്ടുള്ള 33കാരന്‍ ക്ലെയ്റ്റന്‍ സില്‍വ, നോര്‍വെ താരം ഒപ്സെത് എന്നിവരാണവര്‍. പരിചയസമ്പന്നനായ ദിമാസ് ഡെല്‍ഗാഡോയും എറിക് പാര്‍ത്താലുവും മധ്യനിരയില്‍ കരുത്ത് പകരും. ഗോള്‍കീപ്പര്‍മാരായി ഗുര്‍പ്രീത് സിങ് സന്ധു തന്നെയാവും ഇറങ്ങാന്‍ കൂടുതല്‍ സാധ്യത.

ഗോവ അവസാന സീസണിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളാണ് ഗോവന്‍ നിരയിലുള്ളത്. കോച്ച് സെര്‍ജിയോ ലൊബേറയ്ക്കൊപ്പം ഫെറാന്‍ കോറോമിനാസ്, ഹ്യൂഗോ ബൗമോസ്, അഹ്മദ് ജഹൗ, മന്ദര്‍ റാവു ദേശായി, മൗര്‍താദ ഫോള്‍ തുടങ്ങിയവരെല്ലാം കൂടുമാറി. ഇഷാന്‍ പണ്ഡിത, റെഡീം ടിലാങ്, ജോര്‍ജെ ഓര്‍ട്ടിസ് എന്നിവരെയാണ് പ്രധാനമായും ഗോവ ഇത്തവണ ടീമിലെത്തിച്ചത്.

Top