ഐഎസ്എല്‍: ഇഞ്ചുറി ടൈമിൽ ബംഗളൂരു എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ വിജയം

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ബംഗളൂരു എഫ്‌സിക്ക് ജയം. നോര്‍ത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബംഗളൂരു എഫ്‌സിയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് അലന്‍ കോസ്റ്റ നേടിയ ഗോളാണ് ബംഗളൂരുവിന് ജയമൊരുക്കിയത്. മറ്റൊരു ഗോള്‍ ശിവശക്തി നാരായണനാണ് നേടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഏകഗോള്‍ റൊമെയ്ന്‍ ഫിലിപ്പോടെക്‌സിന്റെ വകയായിരുന്നു.

മത്സരത്തിലെ മൂന്ന് ഗോളുകളും രണ്ടാംപാതിയിലാണ് പിറന്നത്. 50-ാം മിനിറ്റിലായിരുന്നു ആദ്യഗോള്‍. ഇടത് വിംഗിലൂടെ പന്തുമായി മുന്നേറിയ പരാഗ് ശ്രീവാസ് ശിവശക്തിക്ക് കൈമാറി. മലയാളിയായ ഗോള്‍ കീപ്പര്‍ മിര്‍ഷാദ് മിച്ചുവിനെ കബളിപ്പിച്ച് ഗോള്‍വല കുലുക്കി. എന്നാല്‍ 15 മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. 16-ാം മിനിറ്റില്‍ റൊമെയ്ന്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. ഫ്രീകിക്കിലൂടെയാിയിരുന്നു താരത്തിന്റെ ഗോള്‍. ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിനെ മറികടന്ന് പന്ത് പോസ്റ്റിലേക്ക്.

മത്സരം സമനിലയാകുമെന്ന ഉറപ്പിച്ചിരിക്കെ ബംഗളൂരു വിജയഗോള്‍ നേടി. വലത് വിംഗില്‍ നിന്ന് പന്തുമായി വന്ന രോഹിത് കുമാര്‍ ഉദാന്ത സിംഗിന് ത്രൂ പാസ് നല്‍കി. ഉദാന്തയുടെ ക്രോസ് നോര്‍ത്ത് ഈസ്റ്റിന്റെ ബോക്‌സിലേക്ക്. മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന അലന്‍ കോസ്റ്റ് അനായാസം ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത മിര്‍ഷാദിന് ഇത്തവണ ഗോള്‍ തടയാന്‍ സാധിച്ചില്ല. ഇതോടെ ബംഗളൂരു വിജയമുറപ്പിച്ചു.

ജയത്തോടെ ബംഗളൂരു ഈസ്റ്റ് ബംഗാളിനെ മറികടന്ന് എട്ടാം സ്ഥാനത്തെത്തി. 13 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണ് ബംഗളൂരുവിന്. നാല് ജയം മാത്രമാണ് ബംഗളൂരുവിന്. ഒരു സമനില. എട്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു. നോര്‍ത്ത് അവസാന സ്ഥാനത്ത് തുടരുന്നു. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് ആകെ മൂന്ന് പോയിന്റ് മാത്രമാണുള്ളത്. ഒരു ജയം മാത്രമുള്ളപ്പോള്‍ ശേഷിക്കുന്ന 12 മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. നാളെ രണ്ട് മത്സരങ്ങളാണുള്ളത്. വൈകിട്ട് 5.30ന് ജംഷഡ്പൂര്‍ എഫ്‌സി, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. 7.30ന് ഒഡീഷ, ഈസ്റ്റ് ബംഗാളുമായി മത്സരിക്കും.

Top