ഐഎസ്എൽ: ഗോവയെ തകർത്ത് എടികെ മോഹന്‍ ബഗാന്‍

റ്റോര്‍ഡ: ഐഎസ്എല്ലിൽ എടികെ മോഹന്‍ ബഗാന് ഗോവക്കെതിരെ ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എടികെയുടെ ജയം. 85ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് എടികെ ജയം ആഘോഷിച്ചത്. റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ എടികെ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഒന്നാമതുള്ള മുംബൈ സിറ്റി എഫ്‌സിക്കും എടികെയ്ക്കും ആറ് മത്സരങ്ങളില്‍ 13 പോയിന്റ് വീതമാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ഗോവ ആറാം സ്ഥാനത്താണ്.

56ാം മിനിറ്റില്‍ അല്‍ബര്‍ട്ടോ നൊഗ്വേരയുടെ ഒരു ഹെഡ്ഡര്‍ ശ്രമം എടികെ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ രക്ഷപ്പെടുത്തി. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീളും എന്ന സാഹചര്യത്തിലാണ് എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുന്നത്. റോയ് കൃഷ്ണയെ എയ്ബാന്‍ ദോഹ്‌ളിങ് ബോക്‌സില്‍ വീഴ്ത്തിയപ്പോള്‍ റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. കിക്കെടുത്ത ഫിജി സ്‌ട്രൈക്കര്‍ക്ക് പിഴച്ചില്ല. എടികെയുടെ വിജയമുറപ്പിച്ച ഗോള്‍ പിറന്നു.

Top