ഐ.എസ്.എല്‍ വിപുലീകരിക്കാനൊരുങ്ങി സംഘാടകര്‍, തിരുവനന്തപുരം ടീം കളിക്കാന്‍ സാധ്യത

isl

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ വിപുലീകരിക്കുന്നു. ഈ വാര്‍ത്ത കേരളത്തിന് പ്രതീക്ഷയേകുന്നതാണ്. തിരുവനന്തപുരത്ത് നിന്നുള്ള ടീം കളിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് സൂചന.

അടുത്ത സീസണില്‍ മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ഐ.എസ്.എല്‍ സംഘാടകര്‍ തീരുമാനിച്ചതോടെയാണ് തിരുവന്തപുരത്ത് നിന്നുള്ള ടീം വരാനുള്ള സാധ്യത തെളിഞ്ഞത്.

2014 മുതല്‍ ഐ.എസ്.എല്ലിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് ഇന്ത്യയിലെ പത്ത് നഗരങ്ങളെ കേന്ദ്രീകരിച്ച് ടീം തുടങ്ങാന്‍ താത്പര്യമുള്ളവരെയാണ് ലേലത്തിന് വിളിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തെ കൂടാതെ അഹമ്മദാബാദ്, ബെംഗളൂരു, കട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി മെയ് 12 മുതല്‍ 24 വരെയാണ്. ഈ ലേലത്തില്‍ വിജയിക്കുന്ന ആദ്യ മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഈ സീസണില്‍ ഐ.എസ്.എല്‍ പതിനൊന്ന് ടീമുകളുടെ പങ്കാളിത്തത്തോടെ നടത്താനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരത്തിന് നിന്ന് ഒരു ടീം കൂടെ വന്നാല്‍ കേരളത്തിന് ഐ.എസ്.എല്ലില്‍ രണ്ട് ക്ലബ്ബുകള്‍ ആകും. കേരള ബ്ലാസ്റ്റേഴ്സിന് കേരളത്തില്‍ കിട്ടിയ സ്വീകാര്യത കണ്ട് ചില വന്‍കിട കമ്പനികള്‍ തിരുവനന്തപുരത്തെ ടീമിനായി എത്തുമെന്നാണ് സൂചന. ജംഷഡ്പുരിലെ ടീമിനായി ടാറ്റ രംഗത്തുവരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഈ വര്‍ഷത്തെ ഐ.എസ്.എല്‍.

Top