ഐഎസ്എൽ : ജംഷഡ്പുരിനെതിരെ ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില

ബാംബോലി : ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ഗോൾരഹിത സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ജയിച്ചിരുന്നെങ്കിൽ മൂന്നു പോയിന്റുമായി ഒമ്പതിൽനിന്ന് ആറാം സ്ഥാനത്തേയ്ക്ക് എത്താമായിരുന്ന മഞ്ഞപ്പടയ്ക്ക് ഒരു പോയിന്റുനേടി എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ‘ഭാഗ്യം’ ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ടായില്ല. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്​ദുൾ സമദാണ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച്.

ബ്ലാസ്റ്റേഴ്‌സിനായി മുന്നേറ്റനിരയില്‍ സഹല്‍-മറി-ഹൂപ്പര്‍ സഖ്യം മികച്ച ഗെയിമാണ് പുറത്തെടുത്തത്. ഏഴോളം ഗോൾ അവസരമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. രണ്ടാം പകുതിയിൽ മൂന്നു അവസരം ലഭിച്ചെങ്കിലും ഒന്നിനും ജംഷഡ്പുർ ഗോൾവല ചലിപ്പിക്കാനായില്ല. അവസാന മിനിറ്റിലെ മാറ്റങ്ങളും ഫലം കണ്ടില്ല.ഗോൾ നേടാനായില്ലെങ്കിലും ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. നാല് ഗോൾ അവസരങ്ങളാണ് നേരിയ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്.

ഒരു ഗോള്‍ നേടിയെങ്കിലും റഫറി അനുവദിച്ചില്ല. 29-ാം മിനിറ്റില്‍ രോഹിത് കുമാറാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ ഗോൾ അവസരം സൃഷ്ടിച്ചത്.എന്നാൽ ജംഷഡ്പുർ ഗോള്‍കീപ്പറും മലയാളിയുമായ രഹനേഷ് പന്ത് കയ്യിലൊതുക്കി. 35ാം മിനിറ്റിൽല്‍ ഹൂപ്പര്‍, ജംഷഡ്പുർ പോസ്റ്റിലേക്ക് പന്ത് അടിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 42-ാം മിനിറ്റില്‍ ഹൂപ്പറുടേയും ജോർദൻ മറിയുടേയും ശ്രമങ്ങളും വിഫലമായി.

Top