മുട്ടുകുത്തിക്കാന്‍ എടികെ; തകര്‍ക്കാന്‍ പറ്റില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ്; മത്സരം ഇന്ന് വൈകിട്ട്

കൊല്‍ക്കത്ത: ഇന്ന് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് മുന്‍ ചാമ്പ്യന്‍മാരായ എടികെയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കൊച്ചിയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് എടികെയെ തോല്‍പ്പിച്ചിരുന്നു.

11 കളിയില്‍ 21 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് എടികെ. പത്ത് പോയിന്റ് പിന്നിലുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തുമാണ്. പതിഞ്ഞ തുടക്കത്തിനുശേഷം കരുത്ത് വീണ്ടെടുത്ത എടികെ 21 ഗോള്‍ നേടിക്കഴിഞ്ഞു. ഇതില്‍ പതിമൂന്നും റോയ് കൃഷ്ണ- ഡേവിഡ് വില്യംസ് കൂട്ടുകെട്ടിന്റെ വകയാണ്. ഇവര്‍ക്കൊപ്പം മൈക്കല്‍ സൂസൈരാജും പ്രണോയ് ഹാള്‍ഡറും ചേരുമ്പോള്‍ എടികെ അതിശക്തരാണ്.

ബ്ലാസ്റ്റേഴ്സിനോടേറ്റ തോല്‍വിക്ക് പകരംവീട്ടാനാണ് ഇന്ന് എടികെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. എന്നാല്‍ ഉദ്ഘാടന മത്സരത്തിലെ മികവ് ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയിലും ആവര്‍ത്തിക്കുമെന്ന് കോച്ച് എല്‍കോ ഷാറ്റോറി പറയുന്നു. അവസാന അഞ്ച് മത്സരത്തില്‍ എടികെയ്ക്കെതിരെ തോറ്റിട്ടില്ലെന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം.

Top