വീണ്ടും പ്രതീക്ഷയുണര്‍ത്തി മഞ്ഞപ്പട; സ്വന്തം തട്ടകത്തില്‍ എടികെയ്ക്ക് തോല്‍വി

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും പ്രതീക്ഷയുണര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ്. എടികെയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 70-ാം മിനിറ്റില്‍ ഹാലിചരന്‍ നര്‍സാറിയാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഏക ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് കേരളം നിര്‍ണായക വിജയം നേടിയത്.

സീസണില്‍ ആദ്യപാദ മത്സരത്തിലും എടികെയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സി.ക്കെതിരേ 5-1 വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ് ഇന്ന് കളത്തിലിറങ്ങിയത്. ഈ ജയത്തോടെ മഞ്ഞപ്പട ആദ്യ നാലിലെത്താനുള്ള സാധ്യതകള്‍ നിലനിര്‍ത്തി. 12 മത്സരങ്ങളില്‍ 14 പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 21 പോയിന്റുമായി എ.ടി.കെ മൂന്നാം സ്ഥാനത്ത് തുടരും

ആറ് മത്സരങ്ങളാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്. ഇതില്‍ നാലെണ്ണം എവേ ഗ്രൗണ്ടിലാണ്. രണ്ട് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും. 19ന് ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തമത്സരം.

Top