ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കില്‍ ഡല്‍ഹിയെ തകര്‍ത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ന്യൂഡല്‍ഹി: ഐഎസ്എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം. മാജിക്ക് ഹാട്രിക്കിലൂടെ ഇയാന്‍ ഹ്യൂം ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായത്.

ഇയാന്‍ ഹ്യൂമിന്റെ ഗോളില്‍ പതിനൊന്നാം മിനിറ്റില്‍ കേരളം മുന്നിലെത്തിയെങ്കിലും മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോള്‍ നേടി ഡല്‍ഹി കളി സമനിലയിലാക്കുകയായിരുന്നു. റോമിയോ ഫെര്‍ണാണ്ടസിന്റെ കിക്കില്‍ പ്രീതം കോട്ടാല്‍ ഡല്‍ഹിക്കായി ഗോള്‍ നേടുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമണോത്സക ഫുട്‌ബോള്‍ കാഴ്ച വച്ച കേരളം രണ്ട് ഗോളുകള്‍ കൂടി നേടി ഡല്‍ഹിയുടെ പരാജയം ഉറപ്പിക്കുകയായിരുന്നു. 11-ാം മിനിറ്റിന് പുറമെ 78-ാം മിനിറ്റിലും 83-ാം മിനിറ്റിലുമാണ് ഹ്യൂമിന്റെ ഗോള്‍ പിറന്നത്. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഹ്യൂമിന്റെ മൂന്നാം ഹാട്രിക്കാണിത്.

Top