isl 2016 final venue kochi jawaharlal nehru stadium

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മൂന്നാം സീസണിന്റെ ഫൈനല്‍ കൊച്ചിയില്‍ നടക്കാന്‍ സാധ്യത. ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തുന്ന ടീമായ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ ഫൈനല്‍ നടത്തുന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായതായാണ് സൂചനകള്‍.

ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. കൊച്ചിയെ ഒഴിവാക്കിയാല്‍ ചെന്നൈക്കായിരിക്കും അടുത്ത പരിഗണനയെന്നും സൂചനയുണ്ട്. ആദ്യ സീസണില്‍ മുംബൈയും രണ്ടാം സീസണില്‍ ഗോവയുമാണ് ഫൈനല്‍ പോരാട്ടത്തിന് വേദിയൊരുക്കിയത്.

അത്‌ലറ്റികോ കൊല്‍ക്കത്തയ്ക്ക് അവരുടെ ഹോം ഗ്രൗണ്ടായ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം നഷ്ടമായതും ഇത്തവണ കൊച്ചിയെ തുണയ്ക്കുന്നുണ്ട്.

ഫിഫ അണ്ടര്‍17 ലോകകപ്പിന് മുന്നോടിയായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് 60,000ത്തിലേറെ സീറ്റിങ് കപ്പാസിറ്റിയുള്ള സാള്‍ട്ട് ലേക്കില്‍ ഇത്തവണ അത്‌ലറ്റികോയുടെ ഹോം മത്സരങ്ങള്‍ നടക്കാത്തത്.

പകരം നല്‍കിയിരിക്കുന്ന രവീന്ദ്ര സരോവറില്‍ 25,000ത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണുള്ളത്. വളരെ കുറച്ച് കാണികളെ മാത്രം ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ഫൈനല്‍ ആകര്‍ഷകമാകില്ലെന്നാണ് ഐ.എസ്.എല്‍. സംഘാടകരുടെ വാദം.

ഫിഫ ലോകകപ്പിനായുള്ള ഒരുക്കങ്ങളിലാണ് കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമെങ്കിലും ഐ.എസ്.എല്ലിനായി ചില ഇളവുകള്‍ കിട്ടിയിട്ടുണ്ട്.

ഗാലറി മുഴുവന്‍ അക്കങ്ങള്‍ പതിച്ച സീറ്റുകള്‍ സ്ഥാപിക്കുന്ന ജോലി ഐ.എസ്.എല്ലിനു ശേഷം ചെയ്താല്‍ മതിയെന്നതാണ് കൊച്ചിക്ക് കിട്ടിയിരിക്കുന്ന ആശ്വാസ വാര്‍ത്ത.

ഫൈനലിനെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ലെങ്കിലും സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താനുള്ള ശ്രമത്തിലാണ് കെ.എഫ്.എ.

മൈതാനത്തിലെ പുല്‍പ്രതലവും കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനുമുള്ള സംവിധാനങ്ങളും പൂര്‍ത്തിയാക്കാനാണ് മുന്‍ഗണന നല്‍കുന്നത്.

24 മണിക്കൂറും ജോലി ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് കെ.എഫ്.എ. തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Top