‘ദൈവത്തിന്റെ’ ഇടപെടലുകള്‍; ‘സുലൈമാനി വധം’ സ്വാഗതം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ്

റാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തെ ആഘോഷപൂര്‍വ്വം സ്വാഗതം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ്. ദൈവീക ഇടപെടലിന്റെ സഹായത്തോടെ സുലൈമാനി ഇല്ലാതായതോടെ ജിഹാദി പരിപാടി വീണ്ടും തുടങ്ങാമെന്ന ആലോചനയിലാണ് ഈ ക്രൂര ഭീകര വിഭാഗം. ഇറാന്റെ കുദ്‌സ് സേനയുടെ തലവനായ സുലൈമാനിയെ വധിച്ചതോടെ ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെ തടയാന്‍ പോയ അമേരിക്ക ഇതെല്ലാം നിര്‍ത്തിവെച്ച് സ്വന്തം സുരക്ഷ നോക്കുകയാണ്.

ഇറാഖില്‍ ഇറാന്റെ പ്രതികാര നടപടികളെ നേരിടാനുള്ള തിരക്കിലേക്ക് അമേരിക്ക നീങ്ങിയതോടെ, ഭീകരപ്രവര്‍ത്തനം വീണ്ടും പൊടിതട്ടി എടുക്കാനുള്ള പരിപാടിയിലാണ് ഇസ്ലാമിക് സ്റ്റേറ്റ്. തങ്ങളുടെ ശത്രുക്കള്‍ പരസ്പരം പോരാടുമ്പോള്‍, അവരുടെ ശ്രോതസ്സുകളും, ശക്തിയും ചോര്‍ന്ന് വരികയാണ്, ഇതുവഴി ജിഹാദികള്‍ക്ക് വീണ്ടും സംഘടനയെ കെട്ടിപ്പടുക്കാം, ഇസ്ലാമിക് സ്റ്റേറ്റ് പത്രമായ അല്‍ നബാ പ്രഖ്യാപിച്ചു.

ഇറാന്‍ ജനറലിനെ വധിച്ചതിന് പിന്നാലെ നാറ്റോ സേന തങ്ങളുടെ സൈനികരെ പിന്‍വലിച്ചിരുന്നു. സുരക്ഷ പ്രശ്‌നമുള്ളതിനാലാണ് ഏതാനും സൈനികരെ പിന്‍വലിച്ചതെന്ന് നാറ്റോ പറഞ്ഞു. ഇറാന്‍ ഇറാഖിലെ പാശ്ചാത്യ സേനകള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുമെന്ന ആശങ്കയിലാണ് ഈ നടപടി. ഇറാഖിലെ സൈനിക പരിശീലനത്തിലുള്ള തങ്ങളുടെ സൈനികരെ ജര്‍മ്മനി ജോര്‍ദ്ദാനിലേക്കും, കുവൈറ്റിലേക്കും നീക്കി. രാജ്യത്തെ ഭീകരര്‍ പുനഃസംഘടിക്കുന്നത് തടയാന്‍ പ്രാദേശിക സേനകള്‍ക്ക് പരിശീലനം നല്‍കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍.

ഇറാനും, യുഎസ് പ്രസിഡന്റ് ട്രംപും സ്വരം മയപ്പെടുത്തുമ്പോഴും ഇറാഖിലെ ഷിയാ ഭീകരര്‍ സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന നിലപാടിലാണ്. 40 സ്വതന്ത്ര ഷിയാ ഭീകര സംഘങ്ങള്‍ ഉള്‍പ്പെട്ട പിഎംഎഫാണ് യുഎസ് സേനയെ നാട്ടില്‍ നിന്ന് ഓടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Top