isis targets-tajmahal

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.

ഐഎസ് അനുകൂല സംഘടനയായ അഹ്വാല്‍ ഉമ്മത്ത് മീഡിയ സെന്റര്‍ താജ്മഹലിനെ ലക്ഷ്യമിടുന്നെന്നാണ് വിവരം. ഓണ്‍ലൈനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ്( SITE ) ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

സംഘടന താജ്മഹലിനെ ലക്ഷ്യമിടുന്നതായി വ്യക്തമാക്കുന്ന ഗ്രാഫിക് ചിത്രം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ നിരീക്ഷിക്കുന്ന സൈറ്റിന് ലഭിച്ചു. ടെലിഗ്രാം ചാനലിലാണ് ഭീഷണി വീഡിയോ പോസ്റ്റ് ചെയ്ത്. മാര്‍ച്ച് 14നാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കറുത്ത മുഖംമൂടി അണിഞ്ഞ ആയുധധാരിയായ ഒരാള്‍ താജ്മഹലിന് നേരെ തിരിഞ്ഞു നില്‍ക്കുന്നതും താജ്മഹലിന് താഴെ ‘പുതിയ ലക്ഷ്യം’ എന്ന് എഴുതിയിരിക്കുന്നതുമാണ് ചിത്രത്തില്‍ ഉള്ളത്.

മാര്‍ച്ച് എട്ടിന് ലഖ്‌നൗവില്‍ ഭീകരവാദിയെന്ന് സംശയിക്കുന്ന സെയ്ഫുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശേഷം മറ്റൊരു ഐഎസ് അനുകൂല സംഘടനയും ഇന്ത്യ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു.

ഇന്ത്യക്കാരായ എഴുപതിലേറെ പേര്‍ ഐഎസില്‍ ചേര്‍ന്നതായി സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ഇതില്‍ 45 പേര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് പോയതാണ്. ബാക്കിയുള്ളവര്‍ വിദേശത്ത് താമസിക്കുന്നവരാണ്.
കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഐഎസില്‍ ചേര്‍ന്നത്.

Top