isis-plan-to-attack-kerala

ന്യൂഡല്‍ഹി: കേരളത്തിലെ മതനേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി മലയാളി ഐഎസ് ഭീകരന്റെ വെളിപ്പെടുത്തല്‍.

അഹമ്മദീയ വിഭാഗത്തിന്റെ പള്ളികളും ഒരു മുസ്ലിം സംഘടന സംഘടിപ്പിച്ച യോഗവും ആക്രമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള കാസര്‍കോട് സ്വദേശി മൊയ്നുദ്ദീന്‍ പാറക്കടവത്ത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഐഎസ് ബന്ധത്തെത്തുടര്‍ന്ന് അബുദാബി പോലീസ് നാടുകടത്തിയ മൊയ്നുദ്ദീനെ ഫെബ്രുവരിയിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഹിന്ദു, ജമാഅത്തെ ഇസ്ലാമി നേതാക്കളായിരുന്നു ലക്ഷ്യമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

ഐഎസിന്റെ പ്രവര്‍ത്തനങ്ങളെയും കൂട്ടക്കൊലകളെയും അഹമ്മദിയ നേതാക്കള്‍ എതിര്‍ത്തതാണ് പള്ളികള്‍ ആക്രമിക്കാനുള്ള തീരുമാനത്തിനു പിന്നില്‍. വര്‍ഗീയ കലാപവും ഇതിലൂടെ ലക്ഷ്യമിട്ടു. ഇന്ത്യയില്‍ നടത്തേണ്ട ആക്രമണങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പുകളിലൂടെയാണ് ചര്‍ച്ച ചെയ്തത്.

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുത്തുകൊണ്ടു ജമാഅത്തെ ഇസ്‌ലാമി നടത്തിയ പരിപാടിയില്‍ ആക്രമണം നടത്തണമെന്ന് ഐഎസ് അംഗങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ അഭിപ്രായമുയര്‍ന്നു.
ബൈക്ക്, ടിപ്പര്‍ ലോറി എന്നിവ ഉപയോഗിച്ചുള്ള ആക്രമണമാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും നടപ്പാക്കാനായില്ല.

കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ അഫ്ഗാനിലെ നാംഗര്‍ഹാമിലാണ് ഉള്ളത്. ഇതില്‍ അഞ്ചു പേരെ കഴിഞ്ഞ ജൂണില്‍ ഇറാഖ് അതിര്‍ത്തിയിലെ മന്‍ഷാദില്‍ കണ്ടുമുട്ടി. കാസര്‍കോട് സ്വദേശികള്‍ ഇജാസ്, മര്‍വാന്‍, മന്‍സാദ്, ഹഫീസുദ്ദീന്‍ എന്നിവരും മറ്റൊരാളുമാണ് ഉണ്ടായിരുന്നതെന്ന് മായ്നുദ്ദീന്‍ പറഞ്ഞു.

ദിവസങ്ങള്‍ക്കു ശേഷം മൊയ്നുദ്ദീന്‍ അബുദാബിയില്‍ തിരിച്ചെത്തി. മൊയ്നുദ്ദീനെ അറസ്റ്റ് ചെയ്ത അബുദാബി പോലീസ് ഡിസംബറില്‍ നാടുകടത്തി. ഷജീറിനെ ഇതുവരെ പിടികൂടിയിട്ടില്ല. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 21 പേരാണ് ഐഎസില്‍ ചേര്‍ന്നത്. ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ നിന്ന് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു.

Top