ഐഎസ്‌ പുനഃസംഘടിക്കുന്നു, സ്ലീപ്പര്‍ സെല്ലുകള്‍ സമയം കാത്തിരിക്കുന്നു:ജോര്‍ദ്ദാന്‍ രാജാവ്

മിഡില്‍ ഈസ്റ്റില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പുനഃസംഘടിക്കുകയാണെന്ന മുന്നറിയിപ്പുമായി ജോര്‍ദ്ദാന്റെ അബ്ദുള്ള രാജാവ്. ഇറാഖിലെയും, സിറിയയിലെയും ഭൂരിപക്ഷ മേഖലകളില്‍ ആധിപത്യം പുലര്‍ത്തിയ ഭീകരസംഘടനയെ പാശ്ചാത്യ സഖ്യത്തിന്റെ പിന്തുണയോടെയാണ് തകര്‍ത്തത്. സഖ്യസേനയുടെ അക്രമണം ഭയന്ന ജിഹാദികള്‍ ഒളിവില്‍ പോകുകയും, അണിയറയില്‍ സ്ലീപ്പര്‍ സെല്ലുകളായി തുടരുകയും, കൃത്യസമയം നോക്കി തിരിച്ചുവരാന്‍ കാത്തിരിക്കുകയുമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

മരണം വിതയ്ക്കുന്ന അതിക്രൂരമായ സംഘടന തിരിച്ചുവരവിന്റെ പാതയിലാണെന്ന് ജോര്‍ദ്ദാന്‍ രാജാവ് വ്യക്തമാക്കുന്നു. ‘കഴിഞ്ഞ വര്‍ഷത്തിനിടെ ഐഎസിന്റെ പുനഃസംഘടനയും, തിരിച്ചുവരവുമാണ് പ്രധാന ആശങ്ക, സതേണ്‍, ഈസ്റ്റേണ്‍ സിറിയയിലും, വെസ്റ്റേണ്‍ ഇറാഖിലും ഈ ആശങ്കയ്ക്ക് വകയുണ്ട്. നിലവില്‍ ഇറാഖി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭിന്നിപ്പ് നിലനിന്നാല്‍ ഐഎസിന്റെ തിരിച്ചുവരവും നമുക്ക് നേരിടേണ്ടി വരും’, അബ്ദുള്ള രണ്ടാമന്‍ രാജാവ് ചൂണ്ടിക്കാണിച്ചു.

ബാഗ്ദാദിന് ഇതൊരു പ്രശ്‌നമായി മാറും. ഈ അവസരത്തില്‍ നമ്മള്‍ രംഗത്തിറങ്ങണം, ഇറാഖികളെ ഈ ഭീഷണി നേരിടാന്‍ സഹായിക്കണം. കാരണം ആ ഭീഷണി നമുക്കെല്ലാവര്‍ക്കുമാണ്, മേഖലയെ മാത്രമല്ല, യൂറോപ്പിനെയും, ബാക്കിയുള്ള ലോകത്തെയും ഇത് ആശങ്കപ്പെടുത്തുന്നു, ജോര്‍ദ്ദാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു. ഷിയാ ഇറാനിയന്‍ ജനറലായ കാസെം സുലൈമാനിയുടെ വധത്തെ സുന്നി തീവ്രവാദി വിഭാഗമായ ഐഎസ് പുകഴ്ത്തിയിരുന്നു.

സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിലെ യുഎസ് സൈന്യത്തിന്റെ സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരെ പുറത്താക്കുമെന്നാണ് ഭീഷണി. ഇറാഖിലും, സിറിയയിലും മാത്രമല്ല ഇതിന്റെ പ്രശ്‌നങ്ങളെന്ന് അബ്ദുള്ള രാജാവ് പറയുന്നു. ഇവിടെ നിന്നും മുങ്ങിയ വിദേശ പോരാളികള്‍ ലിബിയയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

Top