ഐഎസ് ‘മരിച്ചില്ല’; ഖജനാവില്‍ 100 മില്ല്യണ്‍ ഡോളര്‍; കൂടുതല്‍ വിശാലമായി തിരിച്ചുവരുന്നു!

ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഴ്ച ലോകം ആഘോഷിച്ച് അധികനാള്‍ പിന്നിട്ടിട്ടില്ല. അതിന് മുന്‍പ് ഇതാ കേള്‍ക്കാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന ആ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കണ്ണില്‍ചോരയില്ലാത്ത ആ ഭീകരസംഘം വീണ്ടും വരികയാണ്. 2014ല്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ഇറങ്ങിയ സമയത്ത് ഉണ്ടായിരുന്നതിലും ഏറെ പോരാളികള്‍ ഇപ്പോള്‍ അവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍, ഒപ്പം കോടിക്കണക്കിന് ഡോളറും സംഘടനയുടെ ഖജനാവില്‍ എത്തിയിട്ടുണ്ടത്രേ!

ഇറാഖി കുര്‍ദിസ്ഥാന്‍ പ്രധാനമന്ത്രി മസ്‌റൗര്‍ ബര്‍സാനിയാണ് ഇസ്ലാമിക് സ്റ്റേറ്റ് മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. അവരുടെ നേതൃനിരയെ നഷ്ടമാകുകയും, വലിയ തോതില്‍ മുന്‍നിര അംഗങ്ങളെ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവഴി കൂടുതല്‍ അനുഭവസമ്പത്ത് നേടി, കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ അവര്‍ വിജയിച്ച് കഴിഞ്ഞു. അതുകൊണ്ട് ഐഎസിനെ നിസ്സാരമായി കാണേണ്ട, ബര്‍സാനി മുന്നറിയിപ്പ് നല്‍കി.

ഇറാഖിലും, സിറിയയിലുമായി ഇസ്ലാമിക് സ്റ്റേറ്റിന് ഏകദേശം 20,000 പോരാളികള്‍ ഉണ്ടെന്നാണ് കുര്‍ദിഷ് നേതാവ് വിശ്വസിക്കുന്നത്. 2014നേക്കാള്‍ ഇരട്ടിയാണ് ഇത്. ഇസ്ലാമിക് സ്റ്റേറ്റിന് 100 മില്ല്യണ്‍ ഡോളര്‍ ഖജനാവുള്ളതായി അടുത്തിടെ പുറത്തുവിട്ട യുഎന്‍ റിപ്പോര്‍ട്ടും ചൂണ്ടിക്കാണിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അവസാന പോരാട്ടവും യുഎസ് സഖ്യസേന തകര്‍ത്തത്. ഒക്ടോബറില്‍ ഇവരുടെ തലവനായിരുന്ന അബുബക്കര്‍ അല്‍ ബാഗ്ദാദിയെ സേന വളഞ്ഞപ്പോള്‍ സ്വയം പൊട്ടിത്തെറിച്ച് ജീവനൊടുക്കുകയും ചെയ്തു. യുഎസും, ഇറാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷമാണ് ഭീകരസംഘടനയ്ക്ക് വളമായി മാറുന്നത്.

Top