ഈജിപ്തിൽ 29 കോപ്റ്റിക് ക്രൈസ്തവരെ വെടിവച്ച് കൊന്ന സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

കയ്റോ: ഈജിപ്തിൽ 29 കോപ്റ്റിക് ക്രൈസ്തവരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്).

വെള്ളിയാഴ്ച സൈനികവേഷത്തിൽ മുഖംമൂടി ധരിച്ചെത്തിയ ഭീകരർ കോപ്റ്റിക് ക്രൈസ്തവർ സഞ്ചരിച്ച ബസുകളും ട്രക്കും തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. രണ്ടുമാസത്തിനിടെ കോപ്റ്റിക് സമൂഹത്തിനു നേർക്കു നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമായിരുന്നു ഇത്.

തലസ്ഥാനമായ കയ്റോയിൽ നിന്ന് 250 കിലോമീറ്റർ തെക്ക് മിന്യ പ്രവിശ്യയിലെ വിശുദ്ധ സാമുവൽ ആശ്രമത്തിലേക്കു പോയവരാണ് ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ അധികവും കുട്ടികളാണ്.

മൂന്നു വാഹനങ്ങളിൽ എത്തിയവർ ആക്രമണം നടത്തിയെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം. മുഹമ്മദ് മുർസി ഇജിപ്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കംചെയ്യപ്പെട്ട 2013നു ശേഷമാണു കോപ്റ്റിക് ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ വ്യാപകമായത്.

ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുമായി ഈജിപ്തും രംഗത്തെത്തി. ലിബിയൻ അതിർത്തിയിലെ ഭീകര ക്യാംപുകൾക്ക് നേരെ ഈജിപ്ത് വ്യോമസേന ശക്തമായ വ്യോമാക്രണം നടത്തി. ലിബിയയിലെ ഡെർനയിലുള്ള ആറ് ഭീകര ക്യാംപുകൾക്ക് നേരെയാണ് ആക്രമണം നടത്തിയത്.

ആക്രമണം നടത്താൻ മടിയില്ലെന്ന് ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സീസി വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഭീകരവാദത്തെ നേരിടാൻ ഈജിപ്തിനു എല്ലാ പിന്തുണയും അമേരിക്കയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Top