ഐ.എസ്. ബന്ധം: മുഹമ്മദ് അസ്ഹറുദ്ദീനെ എന്‍.ഐ.എ. റിമാന്‍ഡ് ചെയ്തു; നിരോധനാജ്ഞ…

കോയമ്പത്തൂര്‍: കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു എന്ന വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എന്‍.ഐ.എ. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബുധനാഴ്ചത്തെ എന്‍.ഐ.എ. റെയ്ഡിനുപിന്നാലെ കോയമ്പത്തൂരില്‍ പോലീസിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തില്‍ വീണ്ടും പരിശോധന നടന്നു. ജൂണ്‍ 26 വരെ കോയമ്പത്തൂര്‍ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാന്‍ ഹാഷിമുമായി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള ഘടകത്തിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഐസിസ് തമിഴ്നാട് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ മുഹമ്മദ് അസറുദീന്റെ ഫേസ്ബുക്ക് സുഹൃത്താണ് സഹ്രാന്‍ ഹാഷിം. കോയമ്പത്തൂരിലെ ഏഴ് കേന്ദ്രങ്ങളില്‍ കൊച്ചിയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

മുഹമ്മദ് അസറുദീന്‍, പോതന്നൂര്‍ നഞ്ചുണ്ടാപുരം സ്വദേശി ടി. അസറുദീന്‍, സൗത്ത് ഉക്കടം അല്‍അമീന്‍ കോളനി സ്വദേശി ഷെയ്ക് ഹിദായത്തുല്ല, കണിയാമുത്തൂര്‍ സ്വദേശി എം. അബൂബക്കര്‍, കരിമ്പുകടൈ ആസാദ്നഗര്‍ സദാം ഹുസൈന്‍, മനിയത്തോട്ടം ഇബ്രാഹിം ഷാഹിന്‍ എന്നിവരെയാണ് എന്‍ഐഎ വ്യാഴാഴ്ച ചോദ്യം ചെയ്തത്. ഉക്കടം, കരിമ്പുകടൈ, വിന്‍സന്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് പരിശോധന നടത്തിയത്. ഇവരുമായി ബന്ധമുള്ള ഉക്കടം സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, ഷാജഹാന്‍, കരിമ്പുക്കടൈ സ്വദേശി ഷെയ്ഖ് സഫിയുള്ള എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പോലീസും റവന്യൂ അധികൃതരും പരിശോധിച്ചത്. ഇവരും ഐ.എസ്. അനുകൂലികളാണെന്ന് പോലീസ് പറയുന്നു.

എന്‍.ഐ.എ. പരിശോധനയ്ക്കും അസ്ഹറുദ്ദീന്റെ അറസ്റ്റിനും പിന്നാലെയാണ് കോയമ്പത്തൂര്‍ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍, അറസ്റ്റുമായി ഇത് ബന്ധപ്പെടുത്തിയിട്ടില്ല.

കൂട്ടംകൂടുന്നതും ജാഥകളും പ്രതിഷേധപ്രകടനങ്ങളും നിരാഹാരസമരങ്ങളും നിരോധിച്ചിട്ടുണ്ട്. ലഘുലേഖകള്‍ വിതരണംചെയ്യുന്നതും പോസ്റ്റര്‍ പതിക്കുന്നതും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും തടഞ്ഞു.

നിയന്ത്രണത്തില്‍ ഇളവുവേണ്ടവര്‍ അഞ്ചുദിവസംമുമ്പ് പോലീസിന് അപേക്ഷ നല്‍കണം. അംഗീകൃത ആരാധനാലയങ്ങള്‍ക്കും വിവാഹം, ശവസംസ്‌കാരം, മതപരമായ മറ്റു ചടങ്ങുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ലെന്ന് പൊലീസ് അറിയിച്ചു. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ സുമിത് ശരണ്‍ ആണ് ഉത്തരവിറക്കിയത്.

ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐസിസിന്റെ കോയമ്പത്തൂര്‍ ഘടകത്തെക്കുറിച്ച് എന്‍.ഐ.എയ്ക്ക് വിവരം ലഭിക്കുന്നത്. ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് നടപടിയെടുത്തത്.

Top