ISI plans Mumbai 26/11 type attacks on Visakhapatnam

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ വിശാഖപട്ടണത്ത് പാകിസ്ഥാന്‍ ഐ.എസ്.ഐ മുംബൈ 26/11 മോഡല്‍ ഭീകരാക്രമണം നടത്താല്‍ പദ്ധതിയിട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്ധ്രാ പൊലീസ് അതീവ ജാഗ്രതയില്‍.

കിഴക്കന്‍ നാവിക കമാന്‍ഡിന്റെ ആസ്ഥാനവും പ്രധാന തുറമുഖവുമാണ് വിശാഖപട്ടണം. അതിനാല്‍ പല പ്രധാന കേന്ദ്രങ്ങളുമുള്ള വിശാഖപട്ടണം ആക്രമിക്കപ്പെടാം. പൊലീസ് പിടികൂടിയ ഐ.എസ്.ഐ ബന്ധമുള്ള ശ്രീലങ്കക്കാരനില്‍ നിന്നാണ് പുതിയ വിവരം ലഭിച്ചത്. സംസ്ഥാന പൊലീസും തീരദേശ പൊലീസും ജാഗ്രതയിലാണ്, ഡി.ജി.പി രാമുഡു പറഞ്ഞു.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വിജയവാഡയില്‍ നടത്തിയ ക്രമസമാധാന അവലോകനത്തില്‍ തീരദേശത്തുള്ള പ്രമുഖ സ്ഥലങ്ങളെ ലക്ഷ്യമിട്ട് ലഷ്‌കര്‍ സംഘത്തിന്റെ കടല്‍മാര്‍ഗമുള്ള ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു.

ഐ.എസ്.ഐ ഏജന്റായ ശ്രീലങ്കന്‍ സ്വദേശിയില്‍ നിന്നും ലഭിച്ച വിവരത്തില്‍ മുംബൈ മോഡല്‍ ആക്രമണം നടത്താന്‍ ഐ.എസ്.ഐ വിശാഖപട്ടത്തുള്ള നാവിക സേന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അട്ടിമറി നടത്താന്‍ ശ്രമിക്കുന്ന സ്‌ലീപര്‍ സെല്ലുകളെ തിരിച്ചറിയുന്നത് വെല്ലുവിളിയുള്ള കാര്യമാണെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ഐ.എസ്.ഐ പിന്തുണയുള്ള ലഷ്‌കര്‍ ഈ തയ്ബ, ജെയ്ഷ് ഈ മുഹമ്മദ് എന്നീ സംഘടനകള്‍ ഇന്ത്യയ്ക്ക് ഭീഷണിയാണ്. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഐ.എസ്.ഐ സാമൂഹികമാദ്ധ്യമങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയ്ക്ക് കുര്‍നൂല്‍, ഗുണ്ടൂര്‍, നെല്ലൂര്‍, കഡപ്പ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ സ്വാധീനമുണ്ടെന്നും ഇവര്‍ മറ്റു ജില്ലകളിലേക്കും അവരുടെ ശൃംഗല പടര്‍ത്താനുള്ള ശ്രമത്തിലാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ അട്ടിമറി ശ്രമങ്ങള്‍ നടത്തുന്ന സംഘടനകളുടെ പട്ടികയില്‍ ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെട്ടിട്ടില്ല.

Top