ISI-Fear-about-Indian’s-next -surgical-strike

ജയ്‌സാല്‍മര്‍ : ശത്രു രാജ്യമായിട്ടും പാകിസ്ഥാനോട് പലപ്പോഴും മാനുഷിക പരിഗണന കാട്ടി വിട്ടുവീഴ്ച ചെയ്ത ഇന്ത്യ പുതിയ സാഹചര്യത്തില്‍ പിടിമുറുക്കുന്നത് പാക് സൈന്യത്തിനും ഭീകരര്‍ക്കും വന്‍ തിരിച്ചടിയാവും.

പാലസ്തീന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ കെട്ടിയ മോഡല്‍ ലേസര്‍ മതില്‍ കെട്ടാനുള്ള ഇന്ത്യയുടെ നീക്കം പാക്ക് നീക്കങ്ങള്‍ക്ക് വഴിമുടക്കുന്നതാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടക്കുന്നതോടൊപ്പം അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് സ്ഥാപിക്കാനുമാണ് തീരുമാനം.

ഇസ്രയേല്‍ ടെക്‌നോളജി ഉപയോഗിച്ച് അതിര്‍ത്തിയില്‍ മതില്‍ കെട്ടാനൊരുങ്ങുന്ന ഇന്ത്യ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഇറാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യത്ത് കടന്നാക്രമണം നടത്തുമെന്ന് പാക് ചാര സംഘടനയായ ഐ.എസ്.ഐ യും മുന്നറിയിപ്പ് നല്‍കുന്നു.

ഐഎസ്‌ഐയെ ഉദ്ധരിച്ച് പ്രമുഖ പാക്ക് ന്യൂസ്‌പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഉറി ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക് അധീന കാശ്മീരില്‍ കമാന്‍ഡോ ഓപ്പറേഷന്‍ നടത്തുന്ന സമയത്ത് ഇറാന്‍ പാക് അതിര്‍ത്തിയില്‍ വെടിവയ്പ് നടത്തിയിരുന്നു. ഇത് ബോധപൂര്‍വ്വം സൈന്യത്തിന്റെ ശ്രദ്ധ തിരിച്ച് വിടാനായിരുന്നുവെന്നാണ് ഐഎസ്‌ഐയുടെ കണ്ടെത്തല്‍.

അഫ്ഗാനിസ്ഥാന്‍,ഇറാന്‍,ഒമാന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ സാന്നിധ്യം പാക്കിസ്ഥാനെ സംബന്ധിച്ച് അപകടകരമായ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നാണ് ഐഎസ്‌ഐ ഉദ്യോഗസ്ഥരുടെ നിഗമനം. ഇത് സംബന്ധമായ ചില ‘നിര്‍ണ്ണായക’ വിവരങ്ങള്‍ പാക്ക് സര്‍ക്കാരിനും സൈന്യത്തിനും ഐഎസ്‌ഐ നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ആക്രമണത്തിന് തിരിച്ചടി നല്‍കുക എന്ന പതിവ് രീതി വിട്ട് സാധ്യമായ രൂപത്തിലെല്ലാം പാക് സൈന്യത്തെയും ഭരണകൂടത്തെയും പ്രതിരോധത്തിലാക്കുക, ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നിവ ലക്ഷ്യമിട്ട് ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്.

ഭീകര നേതാക്കളുടെ ഒളിത്താവളങ്ങളും അവരുടെ യാത്രാനുബന്ധമായ കാര്യങ്ങളുമെല്ലാം കണ്ടെത്താന്‍ ഇന്ത്യയ്ക്ക് ഇസ്രയേലിന്റെ അകമഴിഞ്ഞ പിന്‍തുണയുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ ചാര സംഘടനയാണ് ഇസ്രയേലിന്റെ മൊസാദ്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ പോലും ഇതിന് പിന്നിലേ വരു.

ഭീകരരെ ലക്ഷ്യമിടുന്നതിനോടൊപ്പം അവരെ സഹായിക്കുന്ന കേന്ദ്രങ്ങളെയും നശിപ്പിക്കണമെന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ തീരുമാനം. പാക്കിസ്ഥാന് പുറത്തുനിന്ന് ഭീകരര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കാന്‍ പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്.

ഇതോടൊപ്പം തന്നെ അന്തര്‍ദേശീയ രംഗത്ത് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും വ്യാവസായികമായിട്ടും സൈനികമായും തിരിച്ചടി നല്‍കാനുമാണ് നീക്കം. പ്രധാനമന്ത്രിയുടെ മൗനാനുവാദത്തോടെ സംഘ് പരിവാര്‍ തുടക്കമിട്ട ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌ക്കരണം ചൈനയിലെ വ്യവസായിക മേഖലയില്‍ ഇതിനകംതന്നെ ആശങ്ക വിതച്ചിട്ടുണ്ട്.

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കമ്പോളമായ ഇന്ത്യ മുഖം തിരിച്ചാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നതിനാല്‍ ചൈന പാക്ക് അനുകൂല നിലപാടില്‍ നിന്നും പിന്നോട്ട് പോവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ആഗോള കരാര്‍ ലംഘനമാവുമെന്നതിനാല്‍ ഔദ്യോഗികമായി ഇന്ത്യ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭരണപക്ഷ പാര്‍ട്ടികളും സംഘടനകളും തന്നെ ബഹിഷ്‌ക്കരണ ആഹ്വാനം നടത്തുന്നതിനാല്‍ അത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമാകുമെന്നും തിരിച്ചടിയാവുമെന്നുമാണ് ചൈനിസ് ബിസിനസ്സുകാരുടെ പേടി.

നിരവധി ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറക്കുമതിയുടെ കാര്യത്തിലും വലിയ വര്‍ദ്ധനവാണ് കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായിരുന്നത്. പാക്കിസ്ഥാന്റെ ധൈര്യം ചൈന ആയതിനാല്‍ ചൈനയുടെ മുന ഒടിക്കണമെന്ന വികാരം പൊതുവെ രാഷ്ട്രീയ-കക്ഷി ഭേദമന്യേ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയിലുള്ളതിനാല്‍ ഇപ്പോള്‍ തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണം തുടങ്ങിയതായാണ് പുറത്ത് വിടുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവിലെ സാഹചര്യം ചൈനീസ് ഭരണാധികാരികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സശ്രദ്ധം നിരീക്ഷിച്ച് വരികയാണ്. യു.എന്‍.രക്ഷാ സമിതിയില്‍ പാക് ഭീകരന്‍ മസൂദ് അസറിനെതിരെ ഇന്ത്യകൊണ്ടു വരുന്ന നീക്കത്തെ കഴിഞ്ഞ രണ്ട് തവണ എതിര്‍ത്ത പോലെ വീറ്റോ അധികാരമുപയോഗിച്ച് വീണ്ടും എതിര്‍ക്കണമോ എന്ന കാര്യത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍തന്നെ രണ്ടഭിപ്രായമുണ്ട്.

ബ്രഹ്മപുത്രയുടെ പോഷക നദിയുടെ ഒഴുക്ക് തടഞ്ഞ നടപടിയും മസൂദ് അസറിനെ സംരക്ഷിച്ച നടപടിയുമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചതെന്നാണ് ചൈനയുടെ വിലയിരുത്തല്‍.

Top