‘ഹണിട്രാപ്പി’ല്‍ കുടുക്കാന്‍ പാക്ക് ശ്രമം ; കള്ളക്കളി പൊളിച്ച് എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ മടക്കിവിളിച്ചു

ന്യൂഡല്‍ഹി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി സുപ്രധാന വിഷയങ്ങള്‍ ചോര്‍ത്താന്‍ പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐ ശ്രമിച്ചതായി റിപ്പോര്‍ട്ട്.

സംഭവത്തെ കുറിച്ച് ഇന്ത്യ വിശദമായ അന്വേഷണം തുടങ്ങി. രണ്ട് ദിവസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളും.

വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചതായും ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോര്‍ട്ട് ചെയ്തത്.

അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേരു വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരിച്ചുവിളിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പാളിച്ച പറ്റിയതായി കണ്ടെത്തിയിട്ടില്ല. ഇവര്‍ അന്വേഷണവുമായി സഹകരിച്ചുവരികയാണ്. ഇവരെ ഇനി പാക്കിസ്ഥാനിലേക്ക് മടക്കി അയയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.

ചാരവനിതകളെ ഉപയോഗിച്ച് ശത്രുരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നത് ലോകവ്യാപകമായി പതിവാണെങ്കിലും പാക്കിസ്ഥാനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കെണിയില്‍ പെടുത്താനുള്ള ശ്രമം അപൂര്‍വമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ട ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഇന്ത്യയിലുള്ള അധികാരികളെ അറിയിച്ചതോടെയാണ് ഐഎസ്‌ഐ ശ്രമം പൊളിഞ്ഞത്. ഈ ഉദ്യോഗസ്ഥരെ ഉടനെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഭാഷാ വിഭാഗത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സുപ്രധാന വിവരങ്ങളടങ്ങിയ ഔദ്യോഗിക രേഖകളുടെ പരിഭാഷ നിര്‍വഹിക്കുന്നതും ഇവരാണ്. ഇന്ത്യയില്‍നിന്നെത്തുന്ന ജൂനിയര്‍ ഓഫിസര്‍മാരെ ചാരവനിതകളെ ഉപയോഗിച്ച് ഹോട്ടലുകളിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. അവിടെവച്ച് ഇവരുടെ വിഡിയോ പകര്‍ത്തി കുടുക്കാനായിരുന്നു ശ്രമം.

2010ല്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ പ്രസ് വിഭാഗത്തില്‍ സെക്കന്‍ഡ് സെക്രട്ടറി ആയിരുന്ന മാധുരി ഗുപ്ത യുവ ഐ.എസ്.ഐ ഉദ്യോഗസ്ഥനുമായി പ്രണയത്തിലാവുകയും അഫ്ഗാനിലെ ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാക്കിസ്ഥാനും ഏതാനും സ്ഥാനപതി കാര്യാലയ ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കിയിരുന്നു.

Top