അഫ്ഗാന്‍ നഗരങ്ങളില്‍ ആക്രമണത്തിന് ഒരുങ്ങി ഐഎസ്‌ഐയും താലിബാനും

isis

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ നഗരങ്ങളില്‍ ആക്രമണ പദ്ധതികള്‍ നടത്താനായി പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ യും താലിബാനും ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാത്രമല്ല, അഫ്ഗാനില്‍ സേവനം അനുഷ്ഠിക്കുന്ന നാറ്റോ സഖ്യത്തിനു നേര്‍ക്കും ഭീകരാക്രമണം നടത്താന്‍ പാക്ക് ചാര സംഘടന ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാറ്റോ സഖ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്ക് പാക്ക് സൈന്യം സൈനിക പരിശീലനം നല്‍കുന്നുണ്ട്. പ്രധാനമായും കാബൂള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണ പദ്ധതികളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ വിദേശ ശക്തികളെ ഉന്മൂലനം ചെയ്യാന്‍ താലിബാന്‍ നടത്തുന്ന പദ്ധതികള്‍ക്ക് പാക്കിസ്ഥാന്‍ സൈനിക സഹായത്തിനു പുറമെ സാമ്പത്തിക സഹായങ്ങളും നല്‍കി വരുന്നുണ്ട്.

അഫ്ഗാന്‍ സൈന്യത്തില്‍ നിന്നും മികച്ച സൈനികരെ കണ്ടെത്തി അവരെ താലിബാനൊപ്പം ചേര്‍ക്കണമെന്നും. തുടര്‍ന്ന് സൈനികരും ഭീകര സംഘടനയും ഒരുമിച്ച് നാറ്റോ സഖ്യത്തിനെതിരെ ആക്രമണം നടത്തണമെന്നാണ് പാക്ക് ചാര സംഘടന നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പദ്ധതി മെനയുന്നതിനായി ഐഎസ്‌ഐ ഉദ്യോഗസ്ഥരും താലിബാന്‍ നേതാക്കളും അടുത്തിടെ യോഗം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top