ആദ്യ രണ്ടു മത്സരങ്ങളില്‍ ഇഷാന്തും രോഹിത്തും കളിക്കില്ല

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ഇഷാന്ത് ശര്‍മയും രോഹിത്ത് ശര്‍മയും കളിക്കില്ല. ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ ഇരുവര്‍ക്കും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് കാരണം. ഫിറ്റ്നെസ് തെളിയിക്കാന്‍ ബി.സി.സി.ഐ ഇവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ബോളിങ് ഫിറ്റ്‌നസ് തെളിയിച്ചാല്‍ ഇഷാന്ത് ശര്‍മ മൂന്നാം ടെസ്റ്റില്‍ കളിക്കും. ഒരു ദിവസം കുറഞ്ഞത് 20 ഓവറെങ്കിലും എറിയാന്‍ സാധിക്കുന്ന രീതിയിലേക്ക് ഇഷാന്ത് എത്തിയാല്‍ മാത്രമേ താരത്തിന്റെ മാച്ച് ഫിറ്റ്‌നസിന്റെ കാര്യം തീരുമാനിക്കുക. എന്നാലും ഓസ്‌ട്രേലിയയിലെത്തി രണ്ടാഴ്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇഷാന്തിന് കളിക്കളത്തിലേക്ക് ഇറങ്ങാന്‍ സാധിക്കൂള്ളൂ.

ജനുവരി ഏഴിന് സിഡ്‌നിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ്. ഡിസംബര്‍ രണ്ടാം വാരം രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലേക്കു പോകുമെങ്കിലും ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമേ രോഹിതും കളിക്കാനിറങ്ങുകയുള്ളൂ. എന്നാല്‍ ശാരീരികക്ഷമത തെളിയിക്കാത്ത പക്ഷം രോഹിത്തിന് പകരം ശ്രേയസ് അയ്യരും ഇഷാന്തിന് പകരം സിറാജുമാണ് ടീമില്‍ സ്ഥാനമുറപ്പിക്കുക. അവസാന മത്സരങ്ങളില്‍ വിരാട് കോലി കളിക്കാത്ത സ്ഥിതിയ്ക്ക് രോഹിത്തിനെ ടീമിലെടുക്കാന്‍ ബി.സി.സി.ഐ പരമാവധി ശ്രമിക്കും. അങ്ങനെയാണെങ്കില്‍ രഹാനെയ്ക്ക് പകരം രോഹിത്തായിരിക്കും ടീമിനെ നയിക്കുക.

തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ് ഇരുവരും. സിഡ്‌നിയിലാണ് 32 അംഗ ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നത്. ബോളിങ്ങില്‍ ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കു പുറമേ കാര്‍ത്തിക് ത്യാഗി, കംലേഷ് നാഗര്‍കോട്ടി, ഇഷാന്‍ പൊറേല്‍ തുടങ്ങിയ റിസര്‍വ് താരങ്ങളും ഇന്ത്യന്‍ നിരയിലുണ്ട്.

Top