ഡ്രൈവര്‍ വേണ്ട, ഒറ്റയ്ക്ക് വന്നാല്‍ മതിയെന്ന് നടന്‍; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഇഷ കോപ്പികര്‍

സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം ഇഷ കോപ്പികര്‍. കരിയറിന്റെ തുടക്കം നേരിട്ട അനുഭവമാണ് താരം പങ്കുവച്ചത്. വഴങ്ങാന്‍ തയ്യാറാകാത്തത് മൂലം തനിക്ക് അവസരം നഷ്ടമായിട്ടുണ്ടെന്നും ഇഷ തുറന്നു പറയുന്നു.

പല വേഷങ്ങളും പറഞ്ഞു വയ്ക്കും. പിന്നീട് മകള്‍ക്കോ കാമുകിക്കോ പെണ്‍സുഹൃത്തിനോ നല്‍കും, ഇഷ പറയുന്നു.

ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് വിളിച്ചു. സിനിമയുണ്ടെന്നും അതിനായി ഒരു നടനെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. നടന്മാരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ സിനിമയിലെത്താനാകൂ എന്നറിയാവുന്നതിനാല്‍ അദ്ദേഹത്തെ വിളിച്ചു. വിളിച്ചയുടന്‍ ഒരു ദിവസത്തെ മുഴുവന്‍ തിരക്കുകളെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ കുറച്ചു ടൈം ഉണ്ടെന്നു പറഞ്ഞ നടന്‍ ആരുടെ ഒപ്പമാണ് വരുന്നതെന്ന് ചോദിച്ചു. ഡ്രൈവര്‍ക്കൊപ്പമെത്താമെന്ന് പറഞ്ഞപ്പോള്‍ ഒറ്റയ്ക്ക് വന്നാല്‍ മതിയെന്നായിരുന്നു മറുപടി. അയാളുടെ ഉദ്ദേശം മനസിലായതിനാല്‍ നാളെ ഫ്രീയല്ലെന്ന് അറിയിച്ച് ഒഴിവാക്കി. നിര്‍മ്മാതാവിനെ വിളിച്ച് തനിക്ക് അഭിനയിക്കാന്‍ കഴിവുണ്ടെന്ന് തോന്നിയെങ്കില്‍ മാത്രം അവസരം നല്‍കിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ശേഷം തന്നെ വേഷം നല്‍കാമെന്ന പേരില്‍ ആരും ഇങ്ങനെ കബളിപ്പിച്ചിട്ടില്ലെന്നും താരം പറയുന്നു.

ഒരു പെണ്‍കുട്ടി നോ പറഞ്ഞാല്‍ അവര്‍ക്ക് അതിനെ ഉള്‍ക്കൊള്ളാനാകില്ല. ഉന്നത നിലയിലുള്ള ചിലരില്‍ നിന്ന് മോശമായ സ്പര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ പിന്നെ പ്രതിരോധിക്കാനും താന്‍ ശീലിച്ചെന്നും ഇഷ പറയുന്നു.

Top