ഇഷ അംബാനിയും റിലയന്‍സ് റീട്ടെയിലിന്റെ തലപ്പത്തെത്തി 

റിലയന്‍സ് ഗ്രൂപ്പ് റീട്ടെയില്‍ ബിസിനസിന്റെ തലപ്പത്ത് ഇനി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി. റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് ഇഷ അംബാനി, വാട്സ്ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ഗ്രോസറി ഓർഡറുകൾ സ്വീകരിക്കുന്നതിനെ കുറിച്ചും പണമിടപാടുകൾ നടത്തുന്നതിനെ കുറിച്ചും അവതരണം നടത്തി.

റിലയന്‍സ് ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് അവതരിപ്പിക്കുമെന്ന് ഇഷ പറഞ്ഞു. മിതമായ നിരക്കിൽ ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഇഷ വ്യക്തമാക്കി. യേൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥിനിയാണ് 30കാരിയായ ഇഷ. തന്റെ മക്കള്‍ റിലയന്‍സ് ബിസിനസില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് മുകേഷ് അംബാനി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.

റിലയൻസ് റീട്ടെയിൽ ഇന്ത്യയിലെ കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യും. ഇന്ത്യൻ കരകൗശല വിദഗ്ധര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനൊപ്പം അവരുടെ കഴിവും വൈദഗ്ധ്യവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഇഷ പറഞ്ഞു.

Top