IS willing to pay about Rs 7 lakh per job to hackers from India

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സംബന്ധമായ വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി കഴിവുള്ള ഇന്ത്യന്‍ ഹാക്കര്‍മാരെ തേടി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍. ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നവര്‍ക്ക് ഏഴു ലക്ഷം രൂപ വരെയാണ് ഐ.എസ് വാഗ്ദാനം ചെയ്യുന്നത്.

മെയില്‍ ടുഡെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമായി കഴിവുറ്റ ഹാക്കര്‍മാര്‍ക്കായി ഐ.എസ് ഭീകരര്‍ തിരച്ചില്‍ നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നവര്‍ക്ക് ഏകദേശം 10,000 യു.എസ് ഡോളര്‍ വരെ നല്‍കാന്‍ ഐ.എസ് ഭീകരര്‍ തയാറാണത്രെ. സര്‍ക്കാരുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇത്തരക്കാരെ സ്വാധീനിച്ച് നേടിയെടുക്കാനാണ് ഐ.എസ് ഭീകരരുടെ ശ്രമം.

ഇന്ത്യയില്‍ സ്വാധീനം വളര്‍ത്താനും അവര്‍ ഇത് ഉപാധിയാക്കുന്നുണ്ട്. ഹാക്കര്‍മാര്‍ ആശയവിനിമയം നടത്തുന്ന ചില ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ സജീവമാണെന്ന് സൈബര്‍ വിദഗ്ധനായ കിസ്‌ലയ് ചൗധരി ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെയാണ് ഐ.എസ് ഭീകരര്‍ ഹാക്കര്‍മാര്‍ക്കായി അന്വേഷണം നടത്തുന്നത്.

ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങളുടെ ഭാഗമായി പുതിയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനാണ് സര്‍ക്കാരില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ഇവര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതിനകം 30,000ല്‍ അധികം ഇന്ത്യന്‍ സാങ്കേതികവിദഗ്ധരുമായി ഐ.എസ് ഭീകരര്‍ ബന്ധപ്പെട്ടിരിക്കാമെന്നും ഇവരില്‍ പലരും ഐ.എസ് നല്‍കുന്ന ഓഫര്‍ സ്വീകരിച്ചിരിക്കാമെന്നും ചൗധരി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം വമിപ്പിക്കാനുതകുന്ന അക്കൗണ്ടുകള്‍ ഇപ്പോള്‍ത്തന്നെ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും സജീവമാണ്. സര്‍ക്കാരിനോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും താല്‍പര്യമില്ലാത്ത അസംതൃപ്തരായ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട യുവാക്കളെയാണ് ഐ.എസ് ഭീകരര്‍ ലക്ഷ്യമിടുന്നത്.

Top