ട്രംപ് എന്താ ദൈവമോ? മോദി സര്‍ക്കാരിന്റെ ‘വമ്പന്‍’ ഒരുക്കത്തിനെതിരെ കോണ്‍ഗ്രസ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി സര്‍ക്കാര്‍ നടത്തുന്ന ഒരുക്കങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ’70 ലക്ഷം പേര്‍ ഒത്തുചേര്‍ന്ന് സ്വീകരിക്കാന്‍ ട്രംപ് എന്താ ദൈവമാണോ? സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് അയാള്‍ ഇവിടെ വരുന്നത്’, അധിര്‍ രഞ്ജന്‍ വിമര്‍ശിച്ചു.

ട്രംപ് സന്ദര്‍ശനത്തിന്റെ പേരിലുള്ള ഒരുക്കങ്ങള്‍ക്ക് മോദി സര്‍ക്കാരിനെ ശിവസേനയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യക്കാരുടെ അടിമത്ത മനോഭാവമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങളിലൂടെ പുറത്തുവരുന്നതെന്നാണ് സേന ആരോപിച്ചത്. മോദി സര്‍ക്കാരും, ഗുജറാത്ത് സര്‍ക്കാരും വിപുലമായ പദ്ധതികളും, ഒരുക്കങ്ങളുമാണ് ട്രംപിന്റെയും, മെലാനിയ ട്രംപിന്റെയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നടത്തുന്നത്.

ഫെബ്രുവരി 24ന് ഗുജറാത്തിലെ മൊട്ടേറാ സ്റ്റേഡിയം ട്രംപും, മോദിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ഇരുനേതാക്കളും അഭിസംബോധന ചെയ്ത് സംസാരിക്കും. ബോളിവുഡ് സെലിബ്രിറ്റികളും, മറ്റ് പ്രമുഖരും ഉദ്ഘാടന ചടങ്ങിനെത്തും. അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷം 22 കിലോമീറ്റര്‍ റോഡ്‌ഷോയും നടത്തും. 1 ലക്ഷത്തിലേറെ പേര്‍ റാലിയില്‍ പങ്കെടുക്കും.

‘നമസ്‌തേ ട്രംപ്’ എന്നാണ് പരിപാടിക്ക് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പേര് നല്‍കിയിരിക്കുന്നത്. 10,000 പോലീസുകാരും, ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ 25 മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരെയും നിയോഗിക്കും. യുഎസ് സീക്രട്ട് സര്‍വ്വീസ്, എന്‍എസ്ജി, എസ്പിജി സുരക്ഷയ്ക്ക് പുറമെയാണിത്.

Top