IS threat in nedupashery airport

കൊച്ചി: ഐഎസ് ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി.

ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലും വ്യൂവിംഗ് ഗ്യാലറിയിലും സന്ദര്‍ശകര്‍ക്ക് ജൂലൈ ആറ് വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് ഡല്‍ഹിയില്‍ നിന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പ്രത്യേക നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിന്റെ ടെര്‍മിനലുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നുള്ളൂ. വിസിറ്റേഴ്‌സ് പാസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

യാത്രക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മസേനയില്‍ ബോംബ്, ഡോഗ് സ്‌ക്വാഡുകളും 24 മണിക്കൂറും വിമാനത്താവളത്തില്‍ സജീവമായിരിക്കും.

യാത്രക്കാരെ ടെര്‍മിനലില്‍ പ്രവേശിക്കുന്നത് മുതല്‍ വിമാനത്തില്‍ കയറാനുള്ള ലാഡര്‍ പോയിന്റു വരെ മൂന്ന് ഘട്ടങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കും.

എക്‌സ് റേ പരിശോധന നടത്തുന്ന ചെക്ക് ഇന്‍ ബാഗുകളും ഹാന്‍ഡ് ബാഗും സംശയം തോന്നുന്ന സാഹചര്യത്തില്‍ തുറന്ന് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

പരിശോധനകള്‍ കര്‍ശനമാക്കിയതിനാല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തേണ്ടതുണ്ട്. താമസിച്ചെത്തിയാല്‍ പരിശോധനകള്‍ പൂര്‍ത്തീകരിക്കാനാവാതെ വരികയും വിമാനം നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമൈന്ന് അധികൃതര്‍ അറിയിച്ചു.

കൂടാതെ വിമാനത്താവളത്തില്‍ വന്നു പോകുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിട്ടുണ്ട്.

ടെര്‍മിനലിലേക്ക് പ്രവേശിക്കുന്ന കസ്റ്റംസ് എമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ഡ്യൂട്ടിപ്പാസുകള്‍ കര്‍ശനമായി പരിശോധിക്കണമെന്ന് സിഐഎസ്എഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top