ഉക്രെയിന്‍ വിമാനം തകര്‍ത്തത് ഈ മിസൈല്‍; പുതിയ അവകാശവാദവുമായി ഇറാന്‍ ആക്ടിവിസ്റ്റ്

ഉക്രെയിന്‍ യാത്രാവിമാനം തകര്‍ന്നുവീണ് 176 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അവകാശവാദങ്ങളുമായി ഇറാന്‍ ആക്ടിവിസ്റ്റ്. സംഭവസ്ഥലത്ത് നിന്നും പകര്‍ത്തിയ ചിത്രങ്ങളില്‍ കാണുന്ന അവശിഷ്ടങ്ങളാണ് പുതിയ തെളിവുകളായി നിരത്തുന്നത്. റോക്കറ്റിന്റെ അവശിഷ്ടം പോലെ തോന്നിക്കുന്ന അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണ വിമാനം തകര്‍ത്തത് മിസൈലാണെന്ന സംശയങ്ങളാണ് ഇതോടെ ഉയരുന്നത്.

ടെഹ്‌റാന്‍ പ്രവിശ്യയിലെ പരാദിന് അടുത്തുള്ള കൃഷിയിടത്തിലാണ് ബോയിംഗ് 737 ജെറ്റ് തകര്‍ന്നു വീണത്. ഖൊമേനി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കീവിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. സാങ്കേതിത പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്ന് ഇറാന്‍ അവകാശപ്പെട്ടു. യാത്രാമധ്യേ വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നിന് തീപിടിച്ചതോടെ പൈലറ്റിന് നിയന്ത്രം നഷ്ടമായെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

ബോയിംഗ് 737 വിമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതാണ് തകര്‍ന്നുവീണതെന്ന് കനേഡിയന്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. പാശ്ചാത്യ ഇന്റലിജന്‍സ് വൃത്തങ്ങളും ഈ സൂചനയാണ് നല്‍കുന്നത്. പുറമെ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കൈമാറില്ലെന്ന തെഹ്‌റാന്റെ നിലപാട് സംശയങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്.

ഇറാനില്‍ നിന്നുള്ള ആക്ടിവിസ്റ്റിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് റോക്കറ്റ് പോലെ തോന്നിക്കുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അപകടം നടന്ന സ്ഥലത്തിന് ഏതാനും അകലെയുള്ള ഒരു വീടിന് മുന്നില്‍ വീണതാണ് ഈ അവശിഷ്ടങ്ങള്‍. ഇതിന് പുറമെ വിമാനം തകരുന്നതിന് തൊട്ടുമുന്‍പ് ഇവിടെയുള്ള സൈനിക ബേസില്‍ നിന്നും വലിയ സ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Top