ആദ്യ ആക്രമണ സംഭവമാണോ ഇത് ? ‘ആഗോള പ്രശ്നമാക്കേണ്ടേ’ എന്തു കാര്യം ?

ന്തിന് എസ്.എഫ്.ഐ വയനാട് എം.പി ഓഫീസിലേക്ക് മാർച്ച് നടത്തി എന്നു ചോദിക്കുന്നവർ” ആദ്യം തിരിച്ചറിയേണ്ടത്, ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും വിദ്യാർത്ഥി സമൂഹത്തിന്റെ കുടി പ്രശ്നമാണ് എന്നതാണ്. ലോകത്തിന്റെ പോരാട്ട ചരിത്രവും അതു തന്നെയാണ്. ഇവിടെ പ്രശ്നം എസ്.എഫ്.ഐ മാർച്ച് നടത്തിയതിലല്ല, ആ മാർച്ച് അക്രമാസക്തമായതാണ്. തീർച്ചയായും, ദൗർഭാഗ്യകരമായ സംഭവം തന്നെയാണിത്. രാഹുൽ അല്ല, മറ്റേതെങ്കിലും കോൺഗ്രസ്സുകാരനായിരുന്നു വയനാട് എം.പിയെങ്കിൽ പ്രാദേശികമായി ഒതുങ്ങേണ്ട ഒരു വിഷയമായിരുന്നു അത്. രാജ്യത്ത് സുരക്ഷിതമായി രാഹുലിന് ജയിക്കാവുന്ന ഏക മണ്ഡലമായതിനാലാണ് അദ്ദേഹം വയനാട്ടിൽ മത്സരിച്ചിരുന്നത്. അതാകട്ടെ, അമേഠിയിലെ ദയനീയ പരാജയത്തിലൂടെ പിന്നീട് വ്യക്തമായ കാര്യവുമാണ്. രാഹുൽ ഗാന്ധിയല്ല, സാക്ഷാൽ… നരേന്ദ്ര മോദി തന്നെ വയനാട് എം.പി ആയാലും, അവിടേക്ക് മാർച്ച് നടത്താൻ എസ്.എഫ്.ഐക്ക് അവകാശമുണ്ട്.

ബഫര്‍ സോണുമായി അവർ ഉയർത്തിയ പ്രതിഷേധം, ഒരു വ്യക്തിക്കെതിരെയല്ല. മറിച്ച്, വയനാട്ടിലെ വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണത്. അതിനെ ആ രൂപത്തിലാണ് നാം വിലയിരുത്തേണ്ടത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവ് വലിയ ആശങ്ക പരത്തുന്നതാണ്. ഈ ആശങ്ക വിദ്യാർത്ഥികളിലും ശക്തമാണ്. ഈ ഉത്തരവിനെ, നിയമപരമായി നേരിടാനാണ് കേരള സർക്കാറും തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി, സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുന്നതിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധിക്കും നിർണ്ണായക പങ്കുവഹിക്കാനുണ്ട്. കേവലം ഒരു കത്തയച്ച് ഒതുക്കേണ്ട നടപടിയല്ലത്. വേണ്ടി വന്നാൽ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാൻ തന്നെ വയനാട് എം.പി തയ്യാറാകണം. ഇക്കാര്യം ഉന്നയിച്ചാണ് എസ്.എഫ്.ഐയും മാർച്ച് നടത്തിയിരിക്കുന്നത്. സമരം അക്രമത്തിൽ കലാശിച്ചത് ദൗർഭാഗ്യകരമാണെങ്കിലും, ‘ബഫർസോണ്‍’ വിഷയം ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുവാൻ ‘ഇതും’ ഒരു കാരണമായിട്ടുണ്ട്. കാടിന്റെ മക്കളുടെ ആശങ്ക, ഡൽഹിയിലുള്ളവരും ഇപ്പോൾ അറിഞ്ഞു കഴിഞ്ഞു. ആശങ്കയുള്ള മനസ്സുകൾക്ക് ആശ്വാസം പകരുന്ന കാഴ്ച കൂടിയാണിത്.

എസ്.എഫ്.ഐ മാർച്ചിലെ അക്രമണത്തെ തള്ളിപ്പറയുമ്പോഴും ഒരു കാര്യം നാം ഓർക്കാതെ പോകരുത്. ഇത് ചരിത്രത്തിൽ ആദ്യമായല്ല,
വിദ്യാർത്ഥി – യുവജന മാർച്ചുകളിൽ സംഘർഷമുണ്ടാകുന്നതും അടിച്ച് പൊട്ടിക്കുന്നതുമെല്ലാം. അപ്പോഴത്തെ സാഹചര്യമനുസരിച്ച്, സംഭവിച്ചു പോകുന്നതാണ്. പൊട്ടിത്തെറിക്കുന്ന പ്രായമല്ലേ, പൊട്ടിത്തെറിച്ചു പോയെന്നിരിക്കും. ഇത്തരം സമരങ്ങൾക്ക് നേതൃത്വം നൽകിയ നിരവധി നേതാക്കൾ ഇപ്പോഴും നമ്മുടെ നിയമസഭയിലുണ്ട്. അതിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ തരം തിരിക്കേണ്ട ഒരു ആവശ്യവുമില്ല. രണ്ട് വിഭാഗത്തിലെ എം.എൽ.എമാരും അതിൽപ്പെടും. വയനാട് സംഭവത്തെ പർവ്വതീകരിക്കുന്നവർ ഇതും ഓർക്കുന്നത് നല്ലതാണ്.

എസ്.എഫ്.ഐ മാർച്ചിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിക്കു നേരെ നടന്ന ആക്രമണമാണ്, വയനാട്ടിൽ യഥാർത്ഥത്തിൽ, സ്ഥിതി വഷളാകാൻ മറ്റൊരു കാരണം. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കൂട്ടത്തിലുള്ളവരെ തൊട്ടാൽ എസ്.എഫ്.ഐ പ്രവർത്തകർക്കും പൊള്ളും. അവർ പരിധിവിട്ട് പ്രതിഷേധിക്കാൻ നിർബന്ധിക്കപ്പെട്ടതും അതുകൊണ്ടായിരിക്കും. ഇതെല്ലാം തന്നെ സമരമുഖത്ത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം മാർച്ചിലെ സംഘർഷത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സർക്കാർ മുഖം നോക്കാതെ നടപടിയും സ്വീകരിച്ചിട്ടുണ്ട്. എസ്.എഫ്.ഐ വയനാട് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. ഒരു ഇടതുപക്ഷ ഭരണത്തിലാണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നത് എന്നതും ഓർക്കണം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചതു പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് അക്രമം നടന്നതെങ്കിൽ ഇതൊന്നും തന്നെ നടക്കില്ലായിരുന്നു. നടന്നിരിക്കുന്നത് നടക്കാൻ പാടില്ലാത്ത അക്രമ സംഭവം തന്നെയാണ്.

എന്നാൽ ഒറ്റപ്പെട്ട ഈ സംഭവം മുൻ നിർത്തി എസ്.എഫ്.ഐയെ ഭീകര സംഘടനയായി ചിത്രീകരിക്കുന്നത് ശരിയല്ല. ആ നീക്കത്തെ പ്രബുദ്ധ കേരളത്തിന് അംഗീകരിച്ചു കൊടുക്കാനും കഴിയുകയില്ല. എസ്.എഫ്.ഐയുടെ ചോര കുടിക്കാൻ വരുന്നവർ ആ സംഘടനയുടെ ചരിത്രവും ഒന്നു പഠിക്കുന്നത് നല്ലതായിരിക്കും. മുൻപ് യൂണിവേഴ്സിറ്റി കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇതുപോലെ സകല കുത്തക മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി പ്രചരണം നടത്തിയിട്ടും എസ്.എഫ്.ഐക്ക് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല. എസ്.എഫ്.ഐയെ ഭീകര സംഘടനയായി ചിത്രീകരിച്ച ഘട്ടങ്ങളിലെല്ലാം വൻ വിജയത്തിലൂടെ ‘വിശ്വരൂപം’ കാണിച്ച ചരിത്രമാണ്, എസ്.എഫ്.ഐക്കുള്ളത്. ആ ചരിത്രം എസ്.എഫ്.ഐ ഇപ്പോഴും തുടരുകയുമാണ്.

കേരളത്തിൽ, എസ്.എഫ്.ഐയും മറ്റു വിദ്യാർത്ഥി സംഘടനകളും തമ്മിലുള്ള ദൂരം വളരെ.., വളരെ കൂടുതലാണ്. എസ്.എഫ്.ഐക്ക് എതിരെ മറ്റെല്ലാ സംഘടനകളും യോജിച്ചാൽ പോലും ഒരു ബദലാകാൻ കഴിയില്ലന്നതാണ് നിലവിലെ അവസ്ഥ. ഒരുപാട് കാലമായി തുടരുന്ന മേധാവിത്വമാണിത്. എസ്.എഫ്.ഐയിൽ വിദ്യാർത്ഥി സമൂഹത്തിന് വിശ്വാസം ഉള്ളതു കൊണ്ടു മാത്രമാണ് അതിനു സാധിക്കുന്നത്. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടിയാണ് ക്യാമ്പസ് തിരഞ്ഞെടുപ്പുകളിൽ നിരന്തരം പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. സംഘടനാ പ്രവർത്തനത്തിനിടയിൽ എസ്.എഫ്.ഐക്ക് നഷ്ടപ്പെട്ട അത്ര പ്രവർത്തകരെ മറ്റൊരു വിദ്യാർത്ഥി സംഘടനയ്ക്കും ഇന്ത്യയിൽ നഷ്ടപ്പെട്ടിട്ടില്ല. ചെങ്കൊടി പാറാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും എസ്.എഫ്.ഐ പതാക പാറുന്നതും ആ സംഘടനയുടെ കരുത്ത് പ്രകടമാക്കുന്നതാണ്. ക്യാമ്പസുകളിൽ മാത്രമല്ല, തെരുവിൽ പോരാടിയും ചോര ചീന്തിയും നേടിയെടുത്ത കരുത്താണത്. അതിനെ ഇല്ലാതാക്കാൻ കോൺഗ്രസ്സുകാരുടെ ഈ ബഹളം കൊണ്ടൊന്നും കഴിയുകയില്ല. കാമ്പസുകൾ കീഴടക്കണമെങ്കിൽ, ആദ്യം വിദ്യാർത്ഥിയെ അറിയണം, അവൻ്റെ മനസ്സറിയണം, അവനു വേണ്ടി പോരാടണം! ഇതൊന്നും ചെയ്യാൻ ഒരു ഖദർധാരിയും ഇപ്പോഴും തയ്യാറല്ല. അതു കൊണ്ടാണ് കെ.എസ്.യു ഇന്ന് ‘വംശനാശം’ സംഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലായിരിക്കുന്നത്. വയനാട്ടിലെ അതിക്രമം ചൂണ്ടിക്കാട്ടിയത് കൊണ്ടൊന്നും, കെ.എസ്.യുവിന് ഒരു ക്യാമ്പസിലും വിജയിക്കാൻ കഴിയുകയില്ല. കോൺഗ്രസ്സിനും പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാകാനുമില്ല. ദേശീയ തലത്തിൽ വാർത്തയാക്കാൻ പറ്റി എന്നതു മാത്രമാണ് കോൺഗ്രസിന്റെ നേട്ടം. അതൊരിക്കലും രാഷ്ട്രിയ നേട്ടമായി വിലയിരുത്താൻ കഴിയുകയില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ 19 എം.പിമാരെയാണ് യു.ഡി.എഫ് വിജയിപ്പിച്ചിരുന്നത്. ഒറ്റ സീറ്റിലാണ് ഇടതുപക്ഷം ഒതുങ്ങിപ്പോയിരുന്നത്. ഇതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളിൽ വിജയിച്ചാണ് പിണറായി സർക്കാർ തുടർ ഭരണം നേടിയിരുന്നത്. ഇനി ഇടതുപക്ഷത്തിന്റെ നോട്ടം യു.ഡി.എഫിൻ്റെ ആ 19ലേക്കാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൂടുതൽ സീറ്റുകൾ പിടിച്ചാൽ, അത് യു.ഡി.എഫിൻ്റെ നിലനിൽപ്പ് തന്നെയാണ് അപകടത്തിലാക്കുക. അതു കൊണ്ടാണ് അവർ സംഘടനാപരമായി കരുത്താർജിക്കാൻ ശ്രമിക്കുന്നത്. വയനാട് എം.പിയുടെ ഓഫീസിനു നേരെയുണ്ടായ അക്രമത്തെ ദേശീയ വിഷയമാക്കി മാറ്റാൻ കോൺഗ്രസ്സ് ശ്രമിക്കുന്നതും അണികളെയും നേതാക്കളെയും പിടിച്ചു നിർത്താനാണ്.

രാത്രിയും പകലും രാഹുൽ ഗാന്ധിയെ എൻഫോഴ്സ് മെൻ്റ് ഡയറക്ടറേറ്റ് ‘വെള്ളം’ കുടിപ്പിച്ചപ്പോൾ പ്രതിഷേധ കൊടി ഉയർത്താത്തവരാണ് ഇപ്പോൾ തെരുവിൽ ഇറങ്ങി സംഘർഷമുണ്ടാക്കുന്നത്. രാഹുലിനെയും സോണിയയെയും ‘പിടിക്കാൻ’ ഇ.ഡിയെ നിയോഗിച്ച ബി.ജെ.പിയുടെ ഓഫീസിലേക്ക് മാർച്ച് നടത്താൻ ധൈര്യം കാട്ടാത്തവർ ഡൽഹിയിലെ എ.കെ.ജി ഭവനിലേക്ക് മാർച്ചു നടത്തിയാണ് പ്രഹസനം കാട്ടിയിരിക്കുന്നത്. ഇതിന്റെ ‘രാഷ്ട്രിയം’ എന്താണെന്നത് കോൺഗ്രസ്സ് നേതൃത്വമാണ് ഇനി വെളിപ്പെടുത്തേണ്ടത്. കോൺഗ്രസ്സിന്റെ പ്രധാന ശത്രു ബി.ജെ.പിയാണോ, അതോ ഇടതുപക്ഷമാണോ ? വ്യക്തത വരുത്തേണ്ട വിഷയം തന്നെയാണത്!

EXPRESS KERALA VIEW

 

 

Top