ഗവർണറുടെ നീക്കങ്ങൾക്ക് പിന്നിൽ ‘ഹിഡൻ’ അജണ്ടയോ ? സംശയം ഏറെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തു വരാന്‍ കാരണം ‘ഹിഡന്‍ അജണ്ട’ മുന്‍ നിര്‍ത്തിയാണെന്ന ആരോപണം ശക്തമാവുന്നു. കേരളത്തില്‍ നിന്നും മറ്റേതെങ്കിലും വലിയ സംസ്ഥാനത്തേക്ക് ഗവര്‍ണറായി പോകാന്‍ ആരീഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ ഭരണപക്ഷത്തിനു മാത്രമല്ല. യു.ഡി.എഫിനും സംശയമുണ്ട്.

കേരളത്തിലെ ‘ മികച്ച പ്രകടനം’ പുതിയ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ സഹായകരമാകുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, അത് സ്വാഭാവികമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. യു.പി ബുലന്ദ്ശഹര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ കേന്ദ്രമന്ത്രികൂടിയാണ്. 1986ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജ്ജമന്ത്രിയായിരുന്നു.

രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്നപ്പോഴും ഗവര്‍ണര്‍ ആയപ്പോഴുമെല്ലാം മുസ്ലീങ്ങള്‍ക്കുള്ളിലെ നവീകരണത്തെ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 1986 ല്‍ ഷാബാനു കേസില്‍ രാജീവ് ഗാന്ധിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ചാണ് അദ്ദേഹം, സഹമന്ത്രി സ്ഥാനം രാജിവയ്ച്ചിരുന്നത്.

മുത്താലാഖിനെ എക്കാലവും എതിര്‍ത്ത ആരിഫ് മുഹമ്മദ് ഖാന്‍ , കുറ്റവാളികള്‍ക്ക് 3 വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുകയുണ്ടായി. വിവാഹമോചിതരായ മുസ്ലീം ഭാര്യയെ പരിപാലിക്കാനുള്ള അവകാശം നിയമപരമാക്കണമെന്ന ഷാബാനു കേസിലെ സുപ്രീം കോടതിയുടെ വിധിയെയെയും ആരിഫ് മുഹമ്മദ് ഖാന്‍ പിന്തുണയ്ക്കുകയുണ്ടായി.

നയരൂപീകരണത്തിലും ഇസ്ലാം നവീകരണത്തിലും സജീവമായി ഏര്‍പ്പെട്ട അദ്ദേഹം, അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിര്‍ത്തലാക്കണമെന്ന പക്ഷക്കാരനുമായിരുന്നു. കേരള ഗവര്‍ണറായിരിക്കെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെ എതിര്‍ത്ത് പൗരത്വ നിയമ ഭേദഗതിയെ അദ്ദേഹം പിന്തുണച്ചിരുന്നത്. ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിഷയത്തിലും സംഘപരിവാര്‍ നിലപാടു തന്നെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

നയപ്രഖ്യാപന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്ഭവനെ ‘നിയന്ത്രിക്കാന്‍’ ഗവണ്‍മെന്റ് സെക്രട്ടറിക്ക് അധികാരമില്ലെന്നാണ് ഇപ്പോള്‍ തുറന്നടിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും അതിനുള്ള അധികാരമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ, അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും രൂക്ഷമായാണ് ഗവര്‍ണര്‍ വിമര്‍ശിച്ചിരിക്കുന്നത്. എങ്ങനെയാണ് വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ലന്നും, പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും വി.ഡി. സതീശന്‍ ചോദിച്ച് മനസ്സിലാക്കണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാലന്‍ ഇപ്പോഴും ‘ബാലനായി’ തന്നെയാണ് പെരുമാറുന്നതെന്ന് കളിയാക്കാനും ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ബാലിശമായി പെരുമാറുന്നുവെന്നതാണ് ഗവര്‍ണറുടെ പരിഹാസം.

‘മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെപ്പറ്റിയുള്ള ആക്ഷേപവും ഗവര്‍ണര്‍ വീണ്ടും ഉന്നയിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം കൂടുമ്പോള്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ സംവിധാനം ‘ വളര്‍ത്തുകയാണ് ചെയ്യുന്നത്. ഈ രീതി റദ്ദാക്കി അക്കാര്യം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പലരും കാര്യം അറിയാതെയാണ് പ്രതികരിക്കുന്നതെന്നും, സര്‍ക്കാരിനെ ഉപദേശിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു കേന്ദ്ര മന്ത്രിക്കുപോലും 12 പേഴ്‌സണല്‍ സ്റ്റാഫാണ് ഉള്ളത്. പക്ഷെ സംസ്ഥാനത്തെ പല മന്ത്രിമാര്‍ക്കും അതില്‍ കൂടുതല്‍ പേഴ്‌സണല്‍ സ്റ്റാഫുണ്ടെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ താന്‍ ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണഘടനക്ക് എതിരാണ് ഇക്കാര്യങ്ങളെന്നും, സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാകില്ലന്നും ഗവര്‍ണര്‍ പറയുമ്പോള്‍, ഏറ്റുമുട്ടാന്‍ തന്നെയാണ് ഉദ്ദേശമെന്നതാണ് വ്യക്തമാകുന്നത്. കേരള സര്‍ക്കാരിന് രാജ്ഭവന്‍ നിയന്ത്രിക്കാന്‍ അവകാശവുമില്ലന്നു വ്യക്തമാക്കുക വഴി ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മുന്നറിയിപ്പാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. ഇടതുപക്ഷത്തെ മാത്രമല്ല, യു.ഡി.എഫിനെയും പ്രകോപനത്തിലാക്കുന്നതാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.

ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ലന്നു തുറന്നടിച്ചാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ആരിഫ് മുഹമ്മദ് ഖാന് എതിരെ രംഗത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിമാരുടെ സ്റ്റാഫിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ പ്രതികരണത്തെ, ‘സാമാന്യ ബോധമുള്ളവര്‍’ നടത്താത്ത പ്രതികരണം എന്നാണ് ഇടതുപക്ഷവും യു ഡി.എഫും വിലയിരുത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ ശക്തമായി നീങ്ങാന്‍ തന്നെയാണ് ബി.ജെ.പി ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങളുടെ തീരുമാനം. അതേസമയം, രാഷ്ട്രീയ നേതാക്കളെ ഗവര്‍ണ്ണറാക്കുന്നതിനെതിര സോഷ്യല്‍ മീഡിയകളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

സര്‍ക്കാറിയ കമ്മീഷനും എം എം പഞ്ചി കമ്മീഷനും ശിപാര്‍ശ ചെയ്തത് രാഷ്ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്നാണെന്നാണ് സോഷ്യല്‍ മീഡിയകളിലൂടെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിഷ്പക്ഷമതികളായ ഉന്നത വ്യക്തികളായിരിക്കണം ഗവര്‍ണര്‍മാര്‍ എന്ന ശിപാര്‍ശയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാതിരിക്കുന്നത്. ഈ നിലപാട് ശരിയല്ലന്നതാണ് വിമര്‍ശനം.

കേന്ദ്ര ഭരണത്തോടുള്ള വിധേയത്വമാണ് ഗവര്‍ണര്‍ നിയമനത്തിനുള്ള പ്രധാന മാനദണ്ഡമായി നിലവില്‍ കണക്കാക്കുന്നത്. വിധേയത്വം പ്രകടിപ്പിക്കാത്തവരുണ്ടെങ്കില്‍ ഉടന്‍ തന്നെ കേന്ദ്രം തല്‍സ്ഥാനത്ത് നിന്ന് തെറിപ്പിക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ആരു ഭരിച്ചാലും ഇതാണ് നടക്കാറുള്ളത്.

ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂനിയന്‍ ആയാണ് ഭരണഘടനയുടെ ഒന്നാം അനുഛേദം നിര്‍വചിച്ചിരിക്കുന്നത്. യൂനിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം രാജ്യത്തിന്റെ കെട്ടുറപ്പിനും അനിവാര്യമാണ്. ഇത് തുല്യതയിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ബന്ധമായിരിക്കുകയും വേണം. അതു തന്നെയാണ് ഫെഡറലിസം കൊണ്ടും ലക്ഷ്യമിടുന്നത്. ഇത്തരമൊരു നല്ല ബന്ധം നിലനിര്‍ത്തുകയാണ് ഗവര്‍ണര്‍മാരുടെയും ബാധ്യത. അതു ചെയ്യാതെ രാഷ്ട്രീയ ‘ അജണ്ട’ വച്ച് ഏത് ഗവര്‍ണര്‍ മുന്നോട്ടു പോയാലും, അത്തരം നീക്കങ്ങളെ ചെറുക്കണമെന്നു തന്നെയാണ് ഇപ്പോള്‍, പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന പ്രധാന ആവശ്യം.

Top