‘തിരക്കഥ’ ഡല്‍ഹിയില്‍ നിന്നാണോ ? പിന്നില്‍ രാഷ്ട്രീയ ‘അജണ്ടയും’ വ്യക്തം

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അക്കാര്യത്തില്‍ ആര്‍ക്കും തന്നെ മറിച്ചൊരു അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ നടപടികള്‍ ഒരിക്കലും രാഷ്ട്രീയ പ്രേരിതമായി മാറരുത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് സ്വര്‍ണ്ണക്കടത്ത് നടന്നതെന്ന് ബി.ജെ.പി ആരോപിച്ചതിന് തൊട്ടു പിന്നാലെയാണ് കസ്റ്റംസ് ശിവശങ്കറിനെതിരായി നിലപാടും കടുപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ദേഹാസ്വാസ്ഥത്തെ തുടര്‍ന്ന് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശിവശങ്കറെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ബി.ജെ.പിയും കരുതുന്നത്.

ദേശീയ തലത്തില്‍ തന്നെ വിഷയം സജീവമാക്കുന്നതിന് വേണ്ടിയാണ് ഡല്‍ഹിയില്‍ തന്നെ ബി.ജെ.പി പത്രസമ്മേളനവും നടത്തിയിരിക്കുന്നത്. പത്രസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ വക്താവ് സമ്പിത് പത്രക്കൊപ്പം കേന്ദ്ര സഹമന്തി വി.മുരളീധരനും പങ്കെടുത്തിട്ടുണ്ട്. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നതിനാല്‍ അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഒറ്റ മനസ്സുമായാണ് യു.ഡി.എഫും ബി.ജെ.പിയും നീങ്ങുന്നത്. നിലവിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ‘കുരുക്കാന്‍’ പര്യാപ്തമല്ലന്ന് തിരിച്ചറിഞ്ഞാണ് പുതിയ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അനധികൃതമായി ഡോളര്‍ വിദേശത്തേക്ക് കടത്തിയതില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യു.എസ് ഡോളറാണ്. ഈ ഡോളര്‍ കിട്ടാന്‍ ബാങ്കുദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ശിവശങ്കറാണെന്നാണ്, കസ്റ്റംസിനെ ഉദ്ധരിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം യാഥാര്‍ത്ഥ്യമാണെങ്കില്‍ ശിവശങ്കര്‍ ചെയ്തത് വലിയ തെറ്റ് തന്നെയാണ്. ഒരു ഐ.എ.എസ് ഓഫീസര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണിത്. എന്നാല്‍ പ്രതികളുടെ കേവലം മൊഴികള്‍ മാത്രം മുഖവിലക്കെടുത്ത് നടപടിയിലേക്ക് കടക്കും മുന്‍പ് എല്ലാ വശവും പരിശോധിക്കാന്‍ കസ്റ്റംസ് അധികൃതരും തയ്യാറാകണം.

നിലവില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കോടതികളില്‍ നിന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് തിരിച്ചടി നേരിടുന്ന അവസ്ഥയാണുള്ളത്. ശിവശങ്കറിനെതിരെ ചുമത്തുന്ന കുറ്റവും നിലനില്‍ക്കാത്തതാണെങ്കില്‍ വലിയ പ്രഹരമാണ് ലഭിക്കാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ഉന്നത ഉദ്യാഗസ്ഥര്‍ തയ്യാറാകണം. ഒരു രാഷ്ട്രീയ താല്‍പര്യത്തിനും അന്വേഷണ സംഘം നിന്നു കൊടുക്കരുത്. തെറ്റ് ശിവശങ്കര്‍ ചെയ്താലും കേന്ദ്രമന്ത്രി മുരളീധരന്‍ ചെയ്താലും ഒരു പോലെയാണ് കാണേണ്ടത്. മുരളീധരന് എതിരെ ഉയര്‍ന്ന ഗുരുതര ആരോപണത്തില്‍ ഇതുവരെ അദ്ദേഹത്തിന്റെ മൊഴി പോലും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല.

സ്വര്‍ണ്ണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് എന്തടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രി പറഞ്ഞതെന്നത് അറിയാനുള്ള അവകാശം ഈ നാടിനുണ്ട്. സ്മിതാ മേനോനെ എന്തിന് വേണ്ടിയാണ് അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി പങ്കെടുപ്പിച്ചതെന്ന കാര്യത്തിനും വിശദീകരണവും നടപടിയും ആവശ്യമാണ്. പ്രോട്ടോകോള്‍ വാദമുയര്‍ത്തി സംസ്ഥാന സര്‍ക്കാറിനെ ആക്രമിച്ചവര്‍ ഈ പ്രോട്ടോകോള്‍ ലംഘനത്തെ കുറിച്ചും മറുപടി പറയേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം മറന്നാണ് ശിവശങ്കറിലേക്ക് കേന്ദ്ര സംഘവും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ സഹായത്താല്‍ ഡോളര്‍ കടത്തിയെങ്കില്‍ ആദ്യം അതിന് ഉത്തരം പറയേണ്ടത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളാണ്.

ഐ.ബിയും ‘റോയും’ എല്ലാം എന്തെടുക്കുകയായിരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. ‘ഒരില’ നാട്ടില്‍ അനങ്ങിയാല്‍ അറിയുന്ന ഈ കേന്ദ്ര ഏജന്‍സികളുടെ മൂക്കിന് താഴെ തന്നെയാണ് സ്വര്‍ണ്ണ കള്ളക്കടത്തും പല തവണ നടന്നിരിക്കുന്നത്. ഇപ്പോള്‍ ശിവശങ്കറുടെ പിന്നാലെ പായുന്ന കസ്റ്റംസ് സംഘം വിമാനത്താവളത്തില്‍ ജാഗ്രത പാലിച്ചിരുന്നു എങ്കില്‍ ഒരു ‘കടത്തലും’ നടക്കില്ലായിരുന്നു. നിലവില്‍ നടന്നിരിക്കുന്ന എല്ലാ കുറ്റകൃത്യങ്ങളും കേന്ദ്ര ഏജന്‍സികളുടെ പിഴവിന്റെ ഭാഗമായി നടന്നിരിക്കുന്ന കുറ്റ കൃത്യങ്ങളാണ്. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറും തയ്യാറാകണം.

മുഖ്യമന്ത്രിക്ക് എന്തെങ്കിലും മറച്ച് വയ്ക്കാനോ ആരെയെങ്കിലും സംരക്ഷിക്കാനോ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടില്ലായിരുന്നു എന്നതും ഓര്‍ത്ത് കൊള്ളണം. ബംഗാളില്‍ മമത ചെയ്തതു പോലെ കേന്ദ്ര സംഘത്തെ കസ്റ്റഡിയിലെടുക്കുകയല്ല അവര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് പിണറായി ചെയ്തിരിക്കുന്നത്. അതു കൊണ്ടാണ് ആരെയും ഭയക്കാതെ കേന്ദ്ര ഏജന്‍സികള്‍ക്ക് സെക്രട്ടറിയേറ്റിലേക്ക് കയറാന്‍ കഴിഞ്ഞിരിക്കുന്നത്. ‘മടിയില്‍ കനമുള്ളവന്‍ മാത്രം’ ഇക്കാര്യത്തിലും പേടിച്ചാല്‍ മതി. അതല്ലാതെ ‘മടിയില്‍ കനമിട്ട് ‘ പേടിപ്പിക്കാന്‍ ശ്രമിക്കരുത്. ആ രാഷ്ട്രീയ ‘കളി’ കേരളം വകവച്ച് തരികയുമില്ല.

കേരള കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം ഇടതുപക്ഷത്ത് എത്തിയത് ബി.ജെ.പിയെയും യു.ഡി.എഫിനെയും ഒരു പോലെയാണ് പരിഭ്രാന്തരാക്കിയിരിക്കുന്നത്. പിണറായി സര്‍ക്കാറിന് ഭരണ തുടര്‍ച്ചയുണ്ടാകുമോ എന്നാണ് ഇവരെല്ലാം നിലവില്‍ ഭയക്കുന്നത്. ആരോപണങ്ങളെല്ലാം തിരിച്ചടിക്കുന്ന ഈ സാഹചര്യത്തില്‍ അവസാന ശ്രമമെന്ന നിലയിലാണ് ഇപ്പോള്‍ ശിവശങ്കറിലൂടെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നത്. ലക്ഷ്യം മുഖ്യമന്ത്രിയെ കുരുക്കുക എന്നത് മാത്രമാണ്. പ്രതിപക്ഷത്തിന്റെ ഈ മോഹം അതിമോഹമാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി വ്യക്തിപരമായി തെറ്റ് ചെയ്‌തെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഏല്‍ക്കേണ്ട ഒരു കാര്യവുമില്ല.

ഇന്ന് പിണറായിയെ ക്രൂശിക്കുന്നവര്‍ നാളെ മോദിക്കും രാഹുല്‍ ഗാന്ധിക്കും എല്ലാം ഈ അവസ്ഥ വരാന്‍ സാധ്യത ഉണ്ടെന്ന കാര്യവും ചിന്തിക്കുന്നത് നല്ലതാണ്. പ്രൈവറ്റ് സെക്രട്ടറിമാരുടെ മനസ്സ് അളക്കുന്ന ഒരു യന്ത്രവും ഒരു മന്ത്രിയുടെയും ഓഫീസില്‍ ഇല്ലെന്ന കാര്യവും മറന്നു പോകരുത്. തെറ്റ് കണ്ടെത്തിയാല്‍ നടപടി എടുക്കുക എന്നത് മാത്രമാണ് ഭരണകൂടത്തിന് സ്വീകരിക്കാനുള്ള ഏക നടപടി. ശിവശങ്കര്‍ സ്വപ്നയുമായി ഇടപെട്ടത് ശരിയായില്ലെന്ന് ബോധ്യമായതോടെ അദ്ദേഹത്തെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. തുടര്‍ നടപടി സ്വീകരിക്കേണ്ടത് കസ്റ്റംസിന്റെ കുറ്റപത്രത്തിന്റെയും കോടതി നിലപാടിനെയും ആശ്രയിച്ചാണ്.

അതാകട്ടെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറുമാണ്. ഇനി സര്‍ക്കാറിനെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയേ അടങ്ങൂ എന്നാണെങ്കില്‍ അതിന് തെളിവുകള്‍ കൊണ്ടുവരണം. മാധ്യമങ്ങളിലൂടെ പുറത്ത് വിടുന്ന തെളിവുകളല്ല കോടതിയില്‍ വിശ്വാസയോഗ്യമായ തെളിവുകളാണ് നിരത്തേണ്ടത്. അതുവരെ കാത്തിരിക്കാന്‍ പ്രതിപക്ഷം തയ്യാറാകണം. അന്വേഷിക്കുന്നത് മോദിയുടെ ഏജന്‍സികളാണ്.

പ്രത്യായ ശാസ്ത്രപരമായി തന്നെ കമ്യൂണിസ്റ്റുകളുടെ ഉന്മൂലനം ലക്ഷ്യമിടുന്നവരാണ് സംഘപരിവാറുകാര്‍. അവര്‍ ഏത് മാര്‍ഗ്ഗവും അതിനായി സ്വീകരിക്കുമെന്ന കാര്യത്തില്‍ രമേശ് ചെന്നിത്തലക്കും ആത്മവിശ്വാസത്തോടെ ഇരിക്കാം. പോരാട്ടം ഇനിയാണ് ശരിക്കും നടക്കാന്‍ പോകുന്നത്. ഈ ‘പോര്‍ക്കളത്തില്‍’ കൂടി പ്രതിപക്ഷം അടിതെറ്റി വീണാല്‍ പിന്നെ ഒരിക്കലും എണീക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അങ്കത്തിനിറങ്ങും മുന്‍പ് ഇക്കാര്യവും ശരിക്കും ഓര്‍ത്തു കൊള്ളണം.

Top