നടക്കുന്നത് പൊലീസ് തിരക്കഥയോ ? ഇന്റലിജന്‍സ് പരിശോധനയും അനിവാര്യം

പൊലീസിന് ഏറ്റവും അധികം സ്വാതന്ത്ര്യം നല്‍കിയ സര്‍ക്കാറാണ് പിണറായി സര്‍ക്കാര്‍. ഇതിനു മുന്‍പ് ഇത്തരം ഒരു സ്വാതന്ത്ര്യം പൊലീസിനു ലഭിച്ചിരുന്നത് എ.കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. അക്കാലത്ത് കെ.ജെ. ജോസഫ് എന്ന കര്‍ക്കശക്കാരനായിരുന്നു സംസ്ഥാന പൊലീസ് മേധാവി. ഇതിനു ശേഷം വന്ന പൊലീസ് മേധാവിമാരില്‍ നിന്നും കെ.ജെ. ജോസഫിലേക്കുള്ള ദൂരം വളരെ കൂടുതലാണ്.

ലോകനാഥ് ബഹ്‌റ എന്ന പൊലീസ് മേധാവിയുടെ കാലത്തെ പരിഷ്‌ക്കാരങ്ങളാണ് ഇന്നു പൊലീസ് സേന അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി.

പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ തസ്തിക സി.ഐ തസ്തികയിലേക്ക് മാറ്റിയതില്‍ തുടങ്ങിയ പരിഷ്‌ക്കാരങ്ങള്‍ സേനയുടെ മനോവീര്യത്തെയാണ് വല്ലാതെ ബാധിച്ചിരിക്കുന്നത്. നിയമവും സമൂഹവും സാധാരണ ജനങ്ങളും ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ പോലീസ് ജോലികള്‍ നടപ്പിലാക്കുന്നതിന്, പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍മാരെ പ്രാപ്തരാക്കുകയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ശൈലി മേലുദ്യോഗസ്ഥന്‍മാരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഉണ്ടായാല്‍ മാത്രമേ, ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയൊള്ളു.

കഴിവിനേക്കാള്‍, തന്നോടു വിധേയത്വമുള്ള പൊലീസ് ഉദ്യോഗസ്ഥരെ തന്ത്ര പ്രധാന തസ്തികയില്‍ കൊണ്ടുവരാനാണ് ലോക്‌നാഥ് ബഹ്‌റ ശ്രമിച്ചിരുന്നത്. സര്‍ക്കാറിനെ കൊണ്ട് ഇതിനു അനുകൂലമായ തീരുമാനമെടുപ്പിക്കാന്‍ ഒരു പരിധിവരെ അദ്ദേഹത്തിനു കഴിയുകയും ചെയ്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥ നിയമനത്തില്‍, പ്രത്യേകിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥ തലത്തില്‍, രാഷ്ട്രീയ ഇടപെടലിനു സി.പി.എം തയ്യാറാകാത്തതും, ബെഹ്‌റ ശരിക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് നിയമിതരായ ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗം ഇപ്പോഴും ക്രമസമാധാന ചുമതലയില്‍ ഉള്‍പ്പെടെ തുടരുകയുമാണ്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മുഖം നോക്കാതെ നടപടി സ്വീകരിച്ചാല്‍, ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സംരക്ഷണം കിട്ടില്ലന്ന പൊതുബോധമാണ് ബഹ്‌റയുടെ കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നത്. അത് പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ പടര്‍ന്നതാണ്, പൊലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരു റിസ്‌ക്കും എടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറല്ല. ഒഴുക്കിന് അനുസരിച്ച് നീങ്ങാനാണ് കാക്കിപ്പടയും നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നത്.

പൊലീസിനെ മറ്റു ചുമതലകളില്‍ വിന്യസിക്കാതെ, പൊലീസായി തന്നെ ജോലി ചെയ്യാനാണ് സര്‍ക്കാര്‍  അനുവദിക്കേണ്ടത്. ക്രിമിനലുകള്‍ക്ക് പൊലീസിനു മേല്‍ ഭയമാണ് വേണ്ടത്. എങ്കില്‍ മാത്രമേ അവര്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുകയൊള്ളൂ. ക്രിമിനല്‍ പശ്ചാത്തലം ഇല്ലത്തവര്‍ പോലും എന്തു ചെയ്താലും ഒന്നും സംഭവിക്കില്ലന്ന ധൈര്യത്തിലാണ് ആക്രമണത്തിലേക്ക് തിരിയുന്നത്. കണ്ണൂരില്‍ കല്യാണ വീട്ടിനു സമീപം നടന്ന ബോംബേറും കൊലപാതകവും, ഇത്തരം ‘ധൈര്യങ്ങളില്‍’ നിന്നും ഉണ്ടാകുന്നതാണ്.

പൊലീസ് സ്‌റ്റേഷനുകള്‍ ലോക്കപ്പ് മരണങ്ങളുടെ കേന്ദ്രമാകരുത് എന്നു പറയുമ്പോഴും, കുറ്റവാളികളോട് ഉപദേശം മാത്രം നടത്തിയിട്ട് കാര്യമില്ലന്നതും ഓര്‍ക്കണം. ഗുണ്ടാ ആക്രമണങ്ങളും, ലഹരി മാഫിയ ഉയര്‍ത്തുന്ന സാമൂഹിക വിപത്തുകളും ഇപ്പോള്‍ കേരളത്തില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ബഹ്‌റയുടെ പരിഷ്‌ക്കാരത്തിന്റെ തുടര്‍ച്ചയായി മാത്രമേ ഇതിനെയും വിലയിരുത്താന്‍ സാധിക്കുകയൊള്ളൂ.

പൊലീസില്‍ രാഷ്ട്രീയ ഇടപെടലിന് വിലക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും, ഈ സ്വാതന്ത്ര്യം ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നതും പരിശോധിക്കുന്നത് നല്ലതാണ്.

നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട ആരോപണമായാലും, നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട ആരോപണമായാലും സത്യസന്ധമായ അന്വേഷണമാണ് നടക്കേണ്ടത്. ഈ രണ്ട് കേസുകളിലും സി.ബി.ഐ അന്വേഷണ ആവശ്യമാണ് നിലവില്‍ ശക്തമായിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായ അന്വേഷണമല്ലെന്ന തോന്നല്‍ പൊതുസമൂഹത്തിനു ഉണ്ട്. വിചാരണ കോടതി ജഡ്ജിക്കെതിരെ പ്രോസിക്യൂഷന്‍ വന്നത് സര്‍ക്കാര്‍ നിലപാടല്ലെങ്കില്‍, അതും ഉടനെ വ്യക്തമാക്കേണ്ടതുണ്ട്.

ഈ രണ്ടു കേസുകളിലും സി.ബി.ഐ അന്വേഷണം വന്നാല്‍, അത് കേരള പൊലീസിനു ആകെയാണ് മാനക്കേടാകുക. പൊലീസ് കണ്ടതിനും അപ്പുറം ഒരു ‘കഥ’ സി.ബി.ഐ കണ്ടെത്തിയാല്‍, അത് സര്‍ക്കാറിനും തിരിച്ചടിയാകും. പ്രതിപക്ഷത്തിന് അടിക്കാന്‍ വടി കൊടുക്കുന്നതിനു തുല്യമായിരിക്കും അത്.

സെന്‍സിറ്റീവ് കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കയറൂരി വിടാതെ, അവര്‍ പറയുന്ന കാര്യങ്ങളില്‍, സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ നേരിട്ടുള്ള ഇടപെടലോടു കൂടിയുള്ള ഒരു പരിശോധന നടത്തിക്കുവാന്‍, സര്‍ക്കാര്‍ തയ്യാറാകണം. യാഥാര്‍ത്ഥ്യം സര്‍ക്കാറിനെങ്കിലും ബോധ്യമാകാന്‍ അത്തരം ഒരു പരിശോധന കൊണ്ടു ഒരുപക്ഷേ സാധിച്ചേക്കും. അതിനാണ് മുഖ്യമന്ത്രിയുടെ ഓഫീസും മുന്‍കൈ എടുക്കേണ്ടത്. അതല്ലാതെ, അന്വേഷണ സംഘം പറയുന്നത് കേട്ട്, അതുപോലെ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ മൊഴിഞ്ഞാല്‍, തിരിച്ചടിക്കാനാണ് സാധ്യത. ഞെട്ടിക്കുന്ന തെളിവുകള്‍ കയ്യിലുണ്ട്, ഹാജരാക്കും എന്നൊക്കെ പരസ്യമായി പറഞ്ഞവര്‍ക്ക്, ഇതുവരെ ഒരു തെളിവും കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തത്, ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണ്. ദിലീപ് തെറ്റു ചെയ്‌തെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. അതേസമയം, തെറ്റു ചെയ്തില്ലങ്കില്‍ വേട്ടയാടുന്നതും ശരിയല്ല.

നമ്പര്‍ 18 ഹോട്ടല്‍ ഉടമ ഉള്‍പ്പെട്ട കേസിലും, സത്യസന്ധമായ അന്വേഷണമാണ് നടക്കേണ്ടത്. ഹോട്ടല്‍ ഉടമയെ രക്ഷിക്കാന്‍ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ശ്രമിച്ചെങ്കില്‍, അതും പുറത്തു വരിക തന്നെ വേണം.

Top