അഞ്ജനയുടെ മരണത്തില്‍ ദുരൂഹത, ‘ആക്ടിവിസ’ത്തിന്റെ രക്തസാക്ഷിയോ ?

ള്ളുകുടിയും കഞ്ചാവ് ഉപയോഗിക്കലും സെക്‌സുമാണ് ആക്ടീവിസമെങ്കില്‍, ആ ആക്ടീവി സത്തിന് കടിഞ്ഞാണിടുക തന്നെ വേണം.

സ്വാതന്ത്ര്യം എന്ന വാക്ക് കൊണ്ട് ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നത് തന്നെ അഴിഞ്ഞാട്ടമാണ്. യഥാര്‍ത്ഥ ആക്ടീവിസ്റ്റുകള്‍ക്ക് അപമാനകരമായ നിലപാടാണിത്. ഇക്കാര്യം ഇവിടെ സൂചിപ്പിക്കുന്നത് അഞ്ജനയുടെ ദുരൂഹ മരണം മുന്‍ നിര്‍ത്തിയാണ്.

തലശ്ശേരി ബ്രിണ്ണന്‍ കോളജിലെ ഈ വിദ്യാര്‍ത്ഥി ഗോവയിലാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ അസ്വാഭാവികതയും ഈ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. യുവതി ആത്മഹത്യക്ക് ഉപയോഗിച്ചു എന്ന് പറയുന്ന ലുങ്കി അപ്രത്യക്ഷമായതിലും ദുരൂഹതയുണ്ട്.

കൈ അനക്കാൻ പറ്റാത്ത അവസ്ഥയിലായ അഞ്ജന എങ്ങനെ, സ്വയം കെട്ടി തൂങ്ങി മരിക്കും എന്നതും, ഉത്തരം കിട്ടാത്ത ചോദ്യമാണ്. തനിക്കെതിരെ ബലാത്സംഗ ശ്രമം നടന്നതായി അഞ്ജന തന്നെ, മരണത്തിന് മുൻപ് സുഹൃത്തായ ആക്ടീവിസ്റ്റിനോട് വ്യക്തമാക്കിയത് അവരും ചാനൽ ചർച്ചയിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങളത് ക്ലോസ് ചെയ്ത വിഷയമാണെന്നതായിരുന്നു അവരുടെ നിലപാട്. കുറ്റകരമായ അനാസ്ഥയാണിത്. ഇതും ഏറെ ഗൗരവമുള്ള കാര്യമാണ്.

അഞ്ജനയ്ക്ക് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചശേഷം, അബോധാവസ്ഥയിലായതോടെ,കെട്ടി തൂക്കി കൊലപ്പെടുത്തിയതാകാമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.ഗോവയിലെ താമസ സ്ഥലത്തിന് പത്തു മീറ്റര്‍ അകലെയാണ് അഞ്ജനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

അഞ്ജനയോടൊപ്പം കൂടെ ഉണ്ടായിരുന്ന സകല ആക്ടീവിസ്റ്റുകളെയും, പൊലീസ് ശരിക്കും ചോദ്യം ചെയ്യണം. ഈ സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ അഞ്ജന ആഗ്രഹിച്ചിരുന്നതായ സോഷ്യല്‍ മീഡിയയിലെ വിവരങ്ങളും പൊലീസ് ഗൗരവത്തോടെ കാണേണ്ടതാണ്. ഇക്കാര്യത്തില്‍, കേരള പൊലീസുമായി ചേര്‍ന്നൊരു അന്വേഷണത്തിനാണ്, ഗോവ പൊലീസും തയ്യാറാകേണ്ടത്.

അഞ്ജനയുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്.മകളെ ഒപ്പമുണ്ടായിരുന്നവര്‍ അപായപ്പെടുത്തിയതാണെന്നാണ് അഞ്ജനയുടെ അമ്മ മിനി മൊഴി നല്‍കിയിരിക്കുന്നത്.

തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന് പ്രഖ്യാപിച്ച് ആയുധമെടുത്ത വിപ്ലവകാരിയുടെ മകളാണ് ഈ സംഭവത്തിലെ പ്രധാന വില്ലത്തി.

ഈ യുവതിയുടെയും ഇവരുടെ പങ്കാളിയായ യുവതിയുടെയും ഒപ്പമാണ് അഞ്ജന കുറച്ച് കാലമായി താമസിക്കുന്നത്.ഇതിനെതിരെ അഞ്ജനയുടെ അമ്മ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല.പ്രായപൂര്‍ത്തിയായ അഞ്ജനയുടെ നിലപാടാണ് അവിടെ പരിഗണിക്കപ്പെട്ടിരുന്നത്. ലഹരി വസ്തുക്കള്‍ നല്‍കി യുവതിയും സംഘവും അഞ്ജനയെ അടിമയാക്കിയെന്നാണ് അഞ്ജനയുടെ കുടുംബം ആരോപിക്കുന്നത്. ഒരിക്കല്‍ അഞ്ജനയെ വീട്ടുകാര്‍ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍, ബഹളമുണ്ടാക്കിയതും ഈ ലഹരികൂട്ടമായിരുന്നു.

ഇവരുടെ കെണിയില്‍പ്പെട്ട് പോയതിന്റെ പരിണതഫലമാണ് അസ്വാഭാവിക മരണമെന്നാണ്, അവര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ ഓരോ അമ്മമാരുടെയും നെഞ്ചിലേക്ക് ചൂണ്ടുന്ന മുന്നറിയിപ്പാണത്.

സ്വന്തം പെണ്‍മക്കള്‍ എവിടെ പോകുന്നു, ആരുടെ കൂടെ കഴിയുന്നു, അവര്‍ ആരൊക്കെയാണ്, എന്നത് ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കണം. ബാഹ്യ ശക്തികള്‍ക്ക് പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണ്.

ഇവിടെ അഞ്ജനയുടെ കുടുംബത്തിനും, വലിയ വീഴ്ചയാണ് പറ്റിയിരിക്കുന്നത്. മകള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന്, അവര്‍ മുന്‍പ് തന്നെ നിരീക്ഷിക്കണമായിരുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗം പെണ്‍കുട്ടികള്‍ക്കിടയിലും വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്.ഇതിനായി ലഹരി മാഫിയകള്‍ ഉപയോഗപ്പെടുത്തുന്നത് ഒരു വിഭാഗം ആക്ടീവിസ്റ്റുകളെയാണ്.ഈ സംഘങ്ങളില്‍ ആളെ ചേര്‍ക്കാന്‍ സംഘമായി പ്രവര്‍ത്തിക്കുന്നവര്‍, സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുണ്ട്.ഇതിലെ ഒരു കണ്ണി തന്നെയാണ് അഞ്ജനയുടെ സുഹൃത്തുക്കളും. അങ്ങനെയേ ഈ ഘട്ടത്തില്‍ വിലയിരുത്താന്‍ കഴിയുകയൊള്ളൂ.

പൊലീസ് ഒന്നു വിലക്കി പോയാല്‍, ‘സ്വാതന്ത്ര്യം’ എന്ന് വിളിച്ച് പറഞ്ഞ് കാക്കിപ്പടയെ കൊത്തി പറയ്ക്കാന്‍ വരുന്നവരാണിവര്‍.

ഇത്തരം ആളുകളെ ശരിക്കും സമൂഹമാണ് കൈകാര്യം ചെയ്യേണ്ടത്.ജന്മം നല്‍കിയ മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ മക്കളെ പ്രേരിപ്പിക്കുന്നവരെ ഒരിക്കലും ആക്ടീവിസ്റ്റുകളായി കാണാന്‍ കഴിയുകയില്ല. അവരെ ദ്രോഹികളായി മാത്രമേ വിലയിരുത്താന്‍ കഴിയുകയൊള്ളു.സ്വന്തം താല്‍പ്പര്യങ്ങള്‍ മാറ്റി വച്ച് സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നവരായിരിക്കണം ആക്ടിവിസ്റ്റുകള്‍.അത്തരക്കാര്‍ വളരെ കുറവാണ് കേരളത്തിലുള്ളത്.ഇവിടെ ഇപ്പോഴുള്ളത് ലഹരി കൂട്ടങ്ങളായ ആക്ടീവിസ്റ്റുകളാണ്. സ്വാതന്ത്ര്യം, അവകാശം എന്നൊക്കെ പറഞ്ഞ് എന്തും കാട്ടി കൂട്ടാമെന്ന് ധരിക്കുന്നവരാണിവര്‍.ഇവരുടെ കെണിയിലാണ് അഞ്ജനയെ പോലുള്ളവര്‍ വീഴുന്നത്.


അഞ്ജനയുടെ കസ്റ്റോഡിയനായ യുവതി, വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരു യുവതിക്കൊപ്പമാണ് നിലവില്‍ താമസിക്കുന്നത്. ഇക്കാര്യം പരസ്യമായി വിളിച്ചു പറയാനും ഇരുവരും തയ്യാറായിട്ടുണ്ട്. അത് അവരുടെ സ്വാതന്ത്ര്യമാണ് സമ്മതിച്ചു. എന്നാല്‍, ഈ സ്വാതന്ത്ര്യത്തിലേക്ക് എന്തിന് അഞ്ജനയെ കൊണ്ടു വന്നു എന്നതിന് മറുപടി കിട്ടേണ്ടതുണ്ട്. സ്വന്തം മാതാപിതാക്കളെ വിട്ട് അഞ്ജന ഇവരുടെ കൂടെ പോയത് സ്വബോധത്തില്‍ അല്ലന്നാണ് അഞ്ജനയുടെ കുടുംബം പറയുന്നത്. ‘ലഹരി വില്ലനാ’കുന്നത് ഇവിടെയാണ്.

വിഷാദ രോഗത്തിന് അഞ്ജന മരുന്ന് കഴിക്കുന്നുണ്ടെന്നാണ് സുഹൃത്തായ യുവതിയും പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിന് ഈ കുട്ടിയെ ഗോവയിലേക്ക് കൊണ്ടു പോയി ? കസ്റ്റോഡിയനായ യുവതിയാണ് ഈ ചോദ്യത്തിന് മറുപടി നല്‍കേണ്ടത്. ഒരുമിച്ച് ഇവരടക്കമുള്ളവരോടൊപ്പം ഒരു റൂമില്‍ താമസിച്ച അഞ്ജന, ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയില്‍ പ്രത്യക്ഷത്തില്‍ തന്നെ, സംശയം ഏറെയുണ്ട്. പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ഒരു യുവാവ് ഉള്‍പ്പെടെ നാലു പേരാണ് ഗോവയിലേക്ക് പോയിരുന്നത്. ഈ കണക്കിനും മീതെ മറ്റെന്തെങ്കിലും കണക്കുകള്‍ ഉണ്ടോ എന്നതും ഇനി വ്യക്തമാകേണ്ടതുണ്ട്.

അടിമുടി ദുരൂഹത വര്‍ദ്ധിക്കുന്ന ഒരു മരണമാണ് ഗോവയില്‍ നടന്നിരിക്കുന്നത്. അക്കാര്യത്തില്‍ എന്തായാലും തര്‍ക്കമില്ല. അന്വേഷണം പൂര്‍ത്തിയാകുന്നതോടെയേ യാഥാര്‍ത്ഥ്യം വ്യക്തമാവുകയൊള്ളൂ.കേരള പൊലീസും ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയത് എന്തായാലും പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

ഐഎഎസുകാരിയാവാന്‍ ആഗ്രഹിച്ച്, ബ്രണ്ണന്‍ കോളജില്‍ എത്തിയ വിദ്യാര്‍ത്ഥിയായിരുന്നു അഞ്ജന. ഡിഗ്രി രണ്ടാവര്‍ഷം പാതിവഴിയിലാണ് അവള്‍ക്ക് വഴി തെറ്റിയത്. വഴിതെറ്റിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.

പത്താംക്ലാസില്‍ എപ്ലസും പ്ലസ്ടുവിന് സയന്‍സില്‍ തൊണ്ണൂറു ശതമാനം മാര്‍ക്കുമാണ് അഞ്ജനയ്ക്ക് ലഭിച്ചിരുന്നത്. സാഹിത്യത്തിനു പുറമെ കബഡിയിലും ക്രിക്കറ്റിലും പഞ്ചഗുസ്തിയിലും അവള്‍ താരമായിരുന്നു.

അഞ്ജനയുടെ ദുരൂഹമരണം ഒരു സന്ദേശമാണ്,കുടുംബം മറന്ന് കൂട്ടുകെട്ടില്‍ അഭയം തേടുന്നവര്‍ക്കുള്ള, മുന്നറിയിപ്പ് കൂടിയാണിത്.

കുടുംബത്തെ വിട്ട് കൂട്ടുകാര്‍ സംരക്ഷിക്കുമെന്ന് കരുതി ഇറങ്ങി തിരിക്കുന്ന, പെണ്‍കുട്ടികളുടെ ജീവിതം എങ്ങനെയായിത്തീരും എന്നതിന്റെ, ഉദാഹരണം കൂടിയാണ് ഈ ദുരൂഹ മരണം.

അഞ്ജന അവസാനിക്കുന്നിടത്തു നിന്നുതന്നെയാണ്, അവളുടെ യഥാര്‍ത്ഥ കഥയും ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

Express View

Top