അമേരിക്കയോടാണോ കമ്യൂണിസ്റ്റായ എം.എൽ.എയ്ക്കു താൽപ്പര്യമുള്ളത് ?

യുദ്ധം….. അത് തീര്‍ച്ചയായും… ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്… അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ യുദ്ധം ഏതെങ്കിലും രാജ്യം അടിച്ചേല്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ യുദ്ധം ചെയ്യുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ യുദ്ധം തന്നെ അതിനു ഒന്നാന്തരം ഉദാഹരണമാണ്. പാക്കിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് എന്ന ഒരു രാജ്യത്തെ ഇന്ത്യ സൃഷ്ടിച്ചില്ലായിരുന്നു എങ്കില്‍ ഇന്ത്യ എന്ന രാജ്യം തന്നെ ഇതുപോലെ നിലനില്‍ക്കില്ലായിരുന്നു. ചരിത്രം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നതും അതുതന്നെയാണ്.

എല്ലാ ഭരണകൂടങ്ങളും അവരുടെ രാജ്യത്തിന്റെ സുരക്ഷക്കു തന്നെയാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. റഷ്യ യുക്രെയിനല്‍ ഇടപെട്ടതും അതിനു വേണ്ടിയാണ്. അവിടെ ന്യായത്തിന്റെ ഭാഗത്താണ് കമ്യൂണിസ്റ്റുകളും നില്‍ക്കേണ്ടത്. യുക്രൈനിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം തീര്‍ച്ചയായും ദൗര്‍ഭാഗ്യകരമാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈകാരികമായി രംഗത്തു വന്ന സി.പി.ഐ എം.എല്‍.എ ബാലചന്ദ്രന്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്.

‘കരുണയില്ലാത്ത ലോകം നിന്നെ കൊന്നു’ എന്നു പറഞ്ഞ ബാലചന്ദ്രന്‍ , റഷ്യ-ചൈന എന്നീ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ലന്നും കൊലയുടെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്നുമാണ് ‘ തുറന്നടിച്ചിരിക്കുന്നത്. സി.പി.ഐ നേതാവ് കൂടിയായ ബാലചന്ദ്രന്റെ പ്രതികരണം, പാര്‍ട്ടി നിലപാടാണോ എന്നത് സി.പി.ഐ നേതൃത്വമാണ് വ്യക്തമാക്കേണ്ടത്. തീര്‍ച്ചയായും ഒരു കമ്യൂണിസ്റ്റുകാരന്‍ സ്വീകരിക്കേണ്ട നിലപാടല്ല ഇത്. കാര്യങ്ങള്‍ പഠിച്ചു വേണം പ്രതികരിക്കാന്‍. ഇക്കാര്യത്തില്‍ വലിയ പിഴവ് സി.പി.ഐ എം.എല്‍.എക്ക് സംഭവിച്ചിട്ടുണ്ട്. അത് പറയാതിരിക്കാന്‍ കഴിയുകയില്ല.

കമ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷവും ‘നാറ്റോ’ എന്ന സൈനിക സഖ്യത്തെ പിരിച്ചുവിടാതിരുന്ന അമേരിക്ക സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളെ ഓരോന്നായി നാറ്റോയില്‍ അംഗങ്ങളാക്കിയാണ് റഷ്യക്കെതിരെ കരുനീക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ യുക്രെയിനിലും ഈ നീക്കങ്ങള്‍ നടത്തിയപ്പോയാണ് റഷ്യ പ്രതികരിക്കാന്‍ നിര്‍ബന്ധിതമായിരുന്നത്. നല്ല ഭാഷയിലാണ് ആദ്യം അവര്‍ യുക്രെയിന്‍ ഭരണകൂടത്തോടും അമേരിക്കയോടും ഈ നീക്കത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും റഷ്യന്‍ ആവശ്യം തള്ളിക്കളയുകയാണ് ഉണ്ടായത്.

തുടര്‍ന്ന്, റഷ്യയെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തു. യുക്രെയിനില്‍ നിന്നും വെറും 5 മിനുട്ടു കൊണ്ട് റഷ്യയെ ആക്രമിക്കാം എന്ന കണക്കുകൂട്ടലില്‍ അമേരിക്ക മുന്നോട്ട് പോയപ്പോയാണ് ‘ആ’ കണക്കു കൂട്ടലുകള്‍ തെറ്റിക്കാന്‍ റഷ്യയും ഇറങ്ങി തിരിച്ചിരിക്കുന്നത്. യുക്രെയിന്‍, ചോദിച്ചു വാങ്ങിയ യുദ്ധമാണിത്. യുദ്ധം നടക്കുന്നത് യുക്രെയിനില്‍ ആണെങ്കിലും പ്രഹരം ലഭിച്ചിരിക്കുന്നത് അമേരിക്കക്കാണ്. ലോക പൊലീസാണ് നാണം കെട്ടിരിക്കുന്നത്. റഷ്യയെ പേടിച്ച് ഓടിയൊളിച്ച ഭരണാധികാരി എന്ന പ്രതിച്ഛായയാണ്, ജോ ബൈഡിന് ഇപ്പോഴുള്ളത്. ഒരു രാജ്യത്തിനും വിശ്വസിക്കാന്‍ പറ്റാത്ത രാജ്യമായി അമേരിക്ക മാറി കഴിഞ്ഞു.

ശക്തമായ സൈനിക നടപടിയിലൂടെ 48 മണിക്കൂറു കൊണ്ട് കീഴടക്കാന്‍ കഴിയുമായിരുന്നിട്ടും സൈനിക നടപടിയില്‍ റഷ്യ ജാഗ്രത പാലിച്ചത് പരമാവധി ക്വാഷ്യാലിറ്റി ഒഴിവാക്കാനാണ് റഷ്യ ശ്രമിച്ചിട്ടുള്ളത്. അതല്ലാതെ, യുദ്ധം നീണ്ടത് യുക്രെയിന്‍ ജനതയുടെ ചെറുത്തു നില്‍പ്പുകൊണ്ടൊന്നും അല്ല ഇത്തരത്തില്‍ പ്രചരണം നടത്തുന്നത് പാശ്ചാത്യ മാധ്യമങ്ങളാണ്. റഷ്യക്ക് ലോക മാധ്യമ മേഖലയില്‍ സ്വാധീനമില്ലാത്തതിനാല്‍ ഏകപക്ഷീയമായ വാര്‍ത്തകളാണ് പലരും പടച്ചു വിടുന്നത്. അതേസമയം, ‘ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് എങ്ങനെ എന്ന് അന്വേഷിക്കുമെന്ന് ” റഷ്യയും ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

യുക്രെയിനിലെ ജയിലുകള്‍ തുറന്നുവിട്ട് ക്രിമിനലുകള്‍ക്കു ഉള്‍പ്പെടെ ഭരണകൂടം ആയുധം കൊടുത്തതിനാല്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ഒരു യുദ്ധം നടക്കുമ്പോള്‍ സ്വാഭാവികമായും നിരപരാധികളും ബലിയാടാകും. അത് സംഭവിച്ചു പോകുന്നതാണ്. എന്നാല്‍ ബോധപൂര്‍വ്വം ആരെങ്കിലും മുതലെടുപ്പിനു ശ്രമിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും പുറത്തു വരിക തന്നെ വേണം. മലയാളി വിദ്യാര്‍ത്ഥികളെ യുക്രെയിന്‍ സൈനികര്‍ ഉള്‍പ്പെടെ ആക്രമിച്ച സംഭവവും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണം.

റഷ്യ യുദ്ധം പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ ഇന്ത്യ ഉള്‍പ്പെടെ വ്യക്തമായും യുദ്ധ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ആ സാഹചര്യത്തില്‍ പോലും യുക്രെയിനില്‍ നിന്നും തിരിച്ചുവരാതിരുന്നവരാണ്, ആ രാജ്യത്ത് പെട്ടു പോയിരുന്നത്. ഇന്ത്യന്‍ എംബസി കര്‍ക്കശ നിര്‍ദ്ദേശം നല്‍കിയില്ലന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ ഒരു കാര്യം ചോദിക്കട്ടെ ? അവിടെയുള്ള ഇന്ത്യക്കാര്‍ വാര്‍ത്തകള്‍ കേള്‍ക്കാറില്ലേ ? ഇന്ത്യയിലുള്ള അവരുടെ ബന്ധുക്കള്‍ എന്തുകൊണ്ടാണ് സ്വന്തം കുട്ടികളോട് തിരിച്ചു വരാന്‍ ആവശ്യപ്പെടാതിരുന്നത് ? അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തുടര്‍ച്ചയായാണ് യുദ്ധമുന്നറിയിപ്പ് നല്‍കിയിരുന്നത്.

റഷ്യയുടെ സന്നാഹവും അമേരിക്കയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതും എല്ലാം ലോകം ശ്രദ്ധിച്ചിട്ടും, യുക്രെയിനിലെ ഇന്ത്യക്കാരും നാട്ടിലെ അവരുടെ ബന്ധുക്കളും ഗൗരവത്തിലെടുക്കാതിരുന്നത് വലിയ വീഴ്ച തന്നെയാണ്. വന്‍ തുക കൊടുത്ത് മെഡിസിന് പഠിക്കുന്നവര്‍ പോലും തിരിച്ചുവരാന്‍ വിമാന ടിക്കറ്റിന് വലിയ തുകയാണ് എന്ന കാരണമാണ് പറഞ്ഞിരിക്കുന്നത്. ഇതൊന്നും ന്യായീകരിക്കപ്പെടുന്ന കാരണങ്ങളല്ല. ജീവന്‍ നിങ്ങളുടേതാണ് അതു കൊണ്ട് തന്നെ രക്ഷപ്പെടാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കണമായിരുന്നു. അയല്‍ രാജ്യങ്ങളിലെക്ക് ഉള്‍പ്പെടെ മാറുന്നതിലും വലിയ വീഴ്ച യുക്രെയിനിലെ മലയാളികള്‍ക്കു ഉള്‍പ്പെടെ പറ്റിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ യുക്രെയിനിലെ മണ്ടന്‍ ഭരണകൂടത്തിന്റെ വെല്ലുവിളി കേട്ട് റഷ്യ ആക്രമിക്കില്ലന്ന് കരുതിയവരാണ് കുടുങ്ങിപ്പോയത്. യുദ്ധാന്തരീക്ഷം നിലനില്‍ക്കെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത യുക്രെയിനിലെ മലയാളി മുഴക്കിയ വീരവാദവും ഈ നാട് കേട്ടിട്ടുള്ളതാണ്. ഇത്തരക്കാരുടെ എല്ലാം സകല കണക്കുകൂട്ടലുകളും തെറ്റിച്ചാണ് റഷ്യയുടെ സൈനിക നടപടി ഉണ്ടായിരിക്കുന്നത്. ഈ വസ്തുതയാണ് സി പി.ഐ എം.എല്‍.എയും മനസ്സിലാക്കേണ്ടത്. ചാനലുകളില്‍ ഇരുന്ന് റഷ്യാ വിരുദ്ധത പ്രസംഗിക്കുന്ന സാമ്രാജ്യത്വ ഏജന്റുകളുടെ നിലവാരത്തിലേക്ക് ഒരു കമ്യൂണിസ്റ്റുകാരനായ എം.എല്‍.എ തരം താഴരുത്. അത് വലിയ കഷ്ടമാണ്.

അതുപോലെ തന്നെ റഷ്യയെ കൊലയാളി സംഘമായും അധിനിവേശക്കാരായും ചിത്രീകരിക്കുന്നവര്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷമുള്ള ചരിത്രമെങ്കിലും പഠിക്കാനും തയ്യാറാകണം. ആരാണ് യഥാര്‍ത്ഥ കൊലയാളി സംഘമെന്നത് അപ്പോള്‍ നിങ്ങള്‍ക്കും മനസ്സിലാക്കാന്‍ കഴിയും.

ചൈന, സിറിയ, കൊറിയ, ഇറാന്‍, ഗ്വാണ്ടിമാല, ടിബറ്റ്, ഇന്തോനേഷ്യ, ക്യൂബ, കോംങ്കോ, ഡൊമനിക്കന്‍ റിപ്പബ്ലിക്ക്, വിയറ്റ്‌നാം, ബ്രസീല്‍, ലാവോസ് , പെറു, ഗ്രീസ്, കമ്പോഡിയ, ചിലി, അര്‍ജന്റീന, അങ്കോള, തുര്‍ക്കി, പോളണ്ട്, എല്‍ സാല്‍വദോ, നിക്കരാഗ്വാ, കംബോഡിയ, ലബനന്‍, ഇറാന്‍, ഫിലിപ്പിയന്‍സ്, പനാമ, ഹയ്ത്വി, ഇറാക്ക്, കുവൈറ്റ്, സൊമാലിയ, ബോഴ്‌സിനിയ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, യുഗോസ്ലാവിയ, തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ പലവട്ടം ചോരപ്പുഴ ഒഴുക്കിയ ചെകുത്താനാണ് അമേരിക്ക. രാഷ്ട്ര തലവന്‍മാരെ ഉള്‍പ്പെടെ കൊന്നു തള്ളിയ ചരിത്രവും ഇവര്‍ക്കുണ്ട്.

1999ലെ ആക്രമണത്തില്‍ യുഗോസ്ലാവീയ എന്ന രാജ്യം തന്നെയാണ് ഇല്ലാതായത്. നാറ്റോയും അമേരിക്കയും ആക്രമിച്ചപ്പോള്‍ 6 തുണ്ടായാണ് ആ രാജ്യം മാറിയിരിക്കുന്നത്. സൊമാലിയയിലാകട്ടെ ആഴ്ചകള്‍ ഇടവിട്ടാണ് അമേരിക്ക ബോംബിങ്ങ് നടത്തുന്നത്. സിറിയയില്‍ ഇന്നും അവര്‍ താവളമടിച്ചു കിടക്കുകയാണ്. യു.എന്‍ അംഗത്വമുള്ള രാജ്യമായിട്ടു പോലും ഇതിനെ ചോദ്യം ചെയ്യാന്‍ ഒരു ‘യുഎന്നും’ വന്നിട്ടില്ല. റഷ്യക്കെതിരെ ഇപ്പോള്‍ യു.എന്നില്‍ പൊങ്ങിയ കൈകള്‍ ഈ രാജ്യങ്ങളിലെല്ലാം അമേരിക്കയും നാറ്റോയും ആക്രമണങ്ങള്‍ നടത്തുമ്പോള്‍ എവിടെ ആയിരുന്നു എന്നതിനും മറുപടി പറയേണ്ടതുണ്ട്. ചോര കൊതിയന്‍മാരായ ‘ആ’ അമേരിക്കയും സഖ്യകക്ഷികളും ആണിപ്പോള്‍ റഷ്യയെ കൊലയാളി സംഘമായി ചിത്രീകരിക്കുന്നത്. ‘ആ പരിപ്പ് എന്തായാലും ഈ മണ്ണില്‍ വേവില്ല’ അതും ഓര്‍ത്തു കൊള്ളണം.

EXPRESS KERALA VIEW

Top