തമിഴ്നാട് സർക്കാറിനെ പിരിച്ചുവിടാനാണോ കേന്ദ്രസർക്കാർ നീക്കം ? ഇ.ഡിക്കെതിരായ നീക്കത്തിൽ കേന്ദ്രത്തിന് പ്രതിഷേധം

ൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിനെ മുൻ നിർത്തി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളെ പ്രതിരോധത്തിലാക്കുന്ന കേന്ദ്ര സർക്കാറിനെ മുൾമുനയിൽ നിർത്തി തമിഴ്നാട് സർക്കാർ. സംസ്ഥാന ഭരണകൂടത്തെയും ഭരണകക്ഷിയായ ഡി.എം.കെയെയും വെട്ടിലാക്കുന്ന നിലപാടുകളുമായി മുന്നോട്ടു പോയ എൻഫോഴ്സ് മെന്റ് ഉദ്ദ്യോഗസ്ഥരെയാണ് സംസ്ഥാന വിജിലൻസിനെ രംഗത്തിറക്കി തമിഴ് നാട് സർക്കാർ ഇപ്പോൾ കുരുക്കിലാക്കിയിരിക്കുന്നത്. ചെന്നൈയിലെ വിവാദമായ കൈക്കൂലി കേസിൽ ഇഡിയുടെ പ്രധാനപ്പെട്ട ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്ത തമിഴ് നാട് വിജിലൻസ് / സംഭവത്തിൽ കൂടുതൽ നടപടികളിലേക്കാണ് നിലവിൽ കടന്നിരിക്കുന്നത്. ഇതിന്റെ നിരവധി ഇഡി ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യുവാനാണ് വിജിലൻസിന്റെ തീരുമാനം.അറസ്റ്റിലായ ഇ.ഡി ഉദ്ദ്യോഗസ്ഥൻ അങ്കിത് തിവാരിയുടെ സഹപ്രവർത്തകർക്ക് ഉടൻ സമൻസ് അയക്കും. കേസ് സിബിഐക്ക് കൈമാറാതെ, തന്ത്രപരമായ നീക്കമാണ് , തമിഴ്നാട് സർക്കാർ ഇപ്പോൾ നടത്തുന്നത്.

അങ്കിത് തിവാരിയുമായി ബന്ധപ്പെട്ട കൂടുതൽ ഇടങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് പരസ്യമായാണ് വിജിലൻസ് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാറിനെ അമ്പരിപ്പിച്ച ഈ നീക്കത്തിനു തൊട്ടു പിന്നാലെ ചെന്നൈയിലെ ഇഡി ഓഫീസിന്റെ ഗേറ്റ് പൂട്ടുകയും സിആർപിഎഫ് സംഘത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാന പൊലീസും കേന്ദ്ര സേനയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന സംശയവും ശക്തമാണ്. മേലുദ്യോഗസ്ഥർക്കും കൈക്കൂലിയുടെ വിഹിതം നൽകണമെന്ന് തിവാരി പറഞ്ഞതായി, വിജിലൻസ് വാർത്തകുറിപ്പിൽ പരാമർശിച്ചത് മുതിർന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്ദ്യോഗസ്ഥരെ പ്രതിയാക്കാനാണെന്നാണ് കേന്ദ്ര സർക്കാർ സംശയിക്കുന്നത്. ഇത്തരം ഏത് പകപോക്കൽ നടപടിക്കും തമിഴ്നാട് സർക്കാർ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ബി.ജെ.പി നേതാക്കളും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ ഇഡി നീക്കം ശക്‌തം ആയിരിക്കെയാണ് മധുരയിൽ മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ ആയിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് ഇത് സംസ്ഥാന ഭരണകൂടത്തിന്റെ പ്രതികാര നടപടിയായി ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്. മണൽ വില്പന ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിണ്ടിഗൽ മധുര ദേശീയപാതയിൽ വച്ചാണ് അങ്കിത് തിവാരി പിടിയിലായിരുന്നത്. ഡിണ്ടിഗൽ സ്വദേശിയായ ഡോക്ടര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു വാങ്ങാനെത്തിയപ്പഴാണ് അറസ്റ്റ് നടന്നിരുന്നത്. ഔദ്യോഗികവാഹനത്തിൽ ഇരുന്ന് 31 ലക്ഷം രൂപ കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് സംഘമെത്തി തിവാരിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇയാളുടെ വീട്ടിലും മധുരയിലെ ഇഡി സബ് സോണൽ ഓഫീസിലും വിജിലൻസ് പരിശോധന നടത്തിയിരുന്നത്. അടുത്തിടെ ഇഡി റെയ്ഡ് നേരിട്ട മണൽ കോൺട്രാക്ടര്‍മാരോടും ഇയാളും മറ്റ് ചില ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. എന്നാൽ ഈ ആരോപണത്തിന്റെ നിജസ്ഥിതി എന്താണെന്നത് സി.ബി.ഐ അന്വേഷിക്കണമെന്നതാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. ഒരാൾ കൈക്കൂലി വാങ്ങിയതിന്, മുതിർന്ന ഇ.ഡി ഉദ്ദ്യോഗസ്ഥരെ കുരുക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ലന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ വ്യക്തമാക്കിയിരിക്കുന്നത്. ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് , കേന്ദ്ര ഐ.ബിയും അന്വേഷിക്കുന്നുണ്ട്.

അതേസമയം ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് സർക്കാറും കേന്ദ്ര സർക്കാറും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുകയാണ്. ഗവർണ്ണറുടെ പരിഗണനയിലുള്ള നിരവധി ബില്ലുകളിൽ ഒപ്പിടാതെ രാഷ്ട്രപതിക്ക് തിരിച്ചയച്ചു കഴിഞ്ഞു. ഇതും സംസ്ഥാന സർക്കാറിനെ ചൊടിപ്പിച്ച സംഭവമാണ്. കേന്ദ്രത്തിനെതിരെ തമിഴ്നാട് ഭരണകൂടം പോർമുഖം തുറന്നതോടെ തിരിച്ചടിക്കാൻ കേന്ദ്ര സർക്കാറും ചില നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. തമിഴ്നാട് സർക്കാറിനു വേണ്ടി കേന്ദ്ര ഉദ്ദ്യോഗസ്ഥരെ ദ്രോഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വിശദാംശം ഐ.ബി വഴി കേന്ദ്ര സർക്കാർ തേടിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

രാജ്യത്തെ ഐ.പി.എസ് ഉദ്ദ്യോഗസ്ഥർ ഉൾപ്പെടെ കേന്ദ്ര സർവ്വീസിലുള്ള ഏത് ഉദ്യോഗസ്ഥനെതിരെയും അവിഹിത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിവരം ലഭിച്ചാൽ, അവിടങ്ങളിൽ നേരിട്ട് റെയ്ഡ് നടത്തി നടപടി സ്വീകരിക്കാനുള്ള അധികാരം സി.ബി.ഐയ്ക്കുണ്ട്. ഇതിന് സംസ്ഥാന സർക്കാറിന്റെ അനുമതി പോലും ആവശ്യമില്ല. ഈ സാധ്യത പ്രയോജനപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. മുൻ കാലങ്ങളെ താരതമ്യപ്പെടുത്തുകയാണെങ്കിൽ നിലവിലെ സാഹചര്യത്തിൽ, ഐ.പി. എസുകാർക്കു മേൽ, കേന്ദ്രത്തിനുള്ള അധികാരവും കൂടുതലാണ്. ഐ.പി.എസുകാരെ ചൊൽപ്പടിക്ക് നിർത്താൻ , കേന്ദ്ര സർക്കാറിനു കഴിഞ്ഞാൽ അത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന ഭരണകൂടങ്ങൾക്കാണ് പ്രതിസന്ധി സൃഷ്ടിക്കുക. ഇപ്പോൾ കാര്യങ്ങൾ പോകുന്നതും ആ വഴിക്കു തന്നെയാണ്. അതിനുള്ള സാധ്യതയാണ് ഇപ്പോൾ തമിഴ്നാട്ടിലും തുറക്കപ്പെട്ടിരിക്കുന്നത്. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് ആശങ്കപ്പെടുത്തുന്ന നീക്കമാണ് ഇതെന്നതും , പറയാതെ വയ്യ . . .

 

EXPRESS KERALA VIEW

Top