ആ ചർച്ച നിർമ്മാതാക്കളുടെ ‘തിരക്കഥയോ’ പരാതിക്കാരിയെ വിളിച്ചതും ഒത്തു തീർപ്പിന് ?

ടൻ ശ്രീനാഥ് ഭാസി പ്രതിയായ കേസ് ഒത്തുതീർപ്പാക്കാൻ അണിയറയിൽ നടന്നത് ആസൂത്രിത നീക്കം. ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കാനായി വിളിച്ചു ചേർത്ത യോഗം തന്നെ വ്യക്തമായ തിരക്കഥ മുൻനിർത്തി തയ്യാറാക്കിയതാണ്. അവിടേക്ക് പരാതിക്കാരിയായ മാധ്യമ പ്രവർത്തകയെ വിളിച്ചു വരുത്തിയതും ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതും എല്ലാം യാദൃശ്ചികമായി സംഭവിച്ചതല്ല പ്ലാൻ ചെയ്ത് നടപ്പാക്കിയതു തന്നെയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രീനാഥ് ഭാസിക്കെതിരെ ഇപ്പോൾ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ തിരക്കഥ എഴുതി ആളുകളെ പറ്റിക്കുന്നതു പോലെ ജീവിതത്തിലും ആ ‘പറ്റിക്കൽ’ ഏർപ്പാട് നടത്താൻ ശ്രമിക്കരുത്. പ്രബുദ്ധരായ ജനതയുള്ള നാടാണിത് എന്നതും ഓർത്തു കൊള്ളണം.

തെറ്റു പറ്റിയതായി നടൻ സമ്മതിച്ചു, ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അത് എല്ലാവരും മാതൃകയാക്കേണ്ടതാണെന്നാണ് നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് അസഭ്യമല്ല എന്ത് തന്നെ ചെയ്താലും മാപ്പു പറഞ്ഞാൽ പ്രശ്നം തീരുമെന്ന് വ്യക്തം. ഒരാളെ നേരെയാക്കാനാണ് ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് മറ്റൊരു നല്ല പ്രവൃത്തി കൂടിയുണ്ടായിട്ടുണ്ടെന്നും ഒരു ഉളുപ്പുമില്ലാതെയാണ് സംഘടനാ നേതാക്കൾ മൊഴിഞ്ഞിരിക്കുന്നത്. ഇത്രയും പറഞ്ഞവരുടെ വാക്കിൽ തന്നെ ഇപ്പോഴത്തെ വിലക്ക് പ്രഹസനമാണെന്ന സൂചനയുമുണ്ട്.

 

ശ്രീനാഥ് ഭാസിയെ രക്ഷിക്കേണ്ടത് മലയാള സിനിമയിലെ ചില ഉന്നതരുടെ താൽപ്പര്യമാണ്. ഈ കേന്ദ്രങ്ങൾ ഇടപെട്ടതു കൊണ്ടാണ് പരാതിക്കാരിയെ വിളിപ്പിച്ച് നാടകീയ രംഗങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. അവിടെ ശരിക്കും ഭാസി തകർത്ത് അഭിനയിക്കുകയും ചെയ്തു. അസഭ്യം പറഞ്ഞ കേസ് ലഹരി മാഫിയയിലേക്ക് നീങ്ങുമെന്ന് ഭയന്ന് നടന്ന ഒരു ഒത്തു തീർപ്പാണിത്. മലയാള സിനിമാ മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കിയ സാഹചര്യത്തിൽ ഇതിനെതിരെ പൊലീസ് നീങ്ങിയാൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ മുഖമൂടിയാണ് അഴിഞ്ഞ് വീഴുക. ഇക്കാര്യം നല്ല ബോധ്യമുള്ളതു കൊണ്ടാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നിരിക്കുന്നത്.

 

ശ്രീനാഥ് ഭാസിയുടെ നഖവും മുടിയും പരിശോധിക്കുന്നതിനെ ഭയക്കുന്നവരാണിവർ. ഭാസി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നില്ലങ്കിൽ അത് ശാസ്ത്രീയ പരിശോധനയിൽ തെളിയും. മറിച്ചാണെങ്കിൽ മാത്രമേ ഭയക്കേണ്ടതൊള്ളൂ. അതിന് കാത്തു നിൽക്കാതെ പരാതിക്കാരിയെ കൊണ്ട് പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. ഈ സമ്മർദ്ദത്തിന് മാധ്യമ പ്രവർത്തക വഴങ്ങുന്നതും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുക. അവരെ പിന്തുണച്ചവരെ കൂടി എതിരാക്കുന്ന നിലപാടാണിത്. മാധ്യമ പ്രവർത്തകയുടെ എല്ലാ നിലപാടുകളും അംഗീകരിച്ചത് കൊണ്ടല്ല ശ്രീനാഥ് ഭാസി തെറി പറയുന്നത് ഒരു ശീലമാക്കിയതു കൊണ്ടാണ് ഇത്രയധികം എതിർപ്പ് താരത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഒരു റേഡിയോ ജോക്കിയോട് ശ്രീനാഥ് ഭാസി പറയുന്ന തെറി കേട്ട മലയാളിയുടെ ബോധ്യമാണ് മാധ്യമ പ്രവർത്തകയ്ക്ക് അനുകൂലമായി മാറിയിരിക്കുന്നത്. അതല്ലാതെ അവർ പറയുന്നത് മാത്രം വിശ്വസിച്ചിട്ടല്ല. അതും ഓർക്കുന്നത് നല്ലതാണ്.

കേസ് നൽകലും പിൻവലിക്കലും എല്ലാം കേവലം വ്യക്തിപരമായ കാര്യങ്ങൾ മാത്രമല്ല. അങ്ങനെ ആയിരുന്നു എങ്കിൽ സമൂഹം ഈ വിഷയം ഇങ്ങനെ ചർച്ച ചെയ്യില്ലായിരുന്നു. പൊലീസ് ശ്രീനാഥ് ഭാസിയുടെ നഖവും മുടിയും പരിശോധനക്ക് അയച്ചതും ഈ കേസിന് മറ്റു ചില തലങ്ങൾ ഉണ്ട് എന്ന സംശയത്തിലാണ്. അതിനുള്ള അധികാരം തീർച്ചയായും പൊലീസിനുണ്ട്. ആ കടമയാണ് അവർ നിർവ്വഹിച്ചിരിക്കുന്നത്.

 

തന്നോടുള്ള പെരുമാറ്റത്തെ ഒരു മാപ്പോടെ ഒതുക്കി പരാതി പിൻവലിക്കാൻ മാധ്യമ പ്രവർത്തക ശ്രമിച്ചാലും അതു കൊണ്ടു മാത്രം ശ്രീനാഥ് ഭാസിക്ക് ഊരിപ്പോകാൻ കഴിയുകയില്ല. അദ്ദേഹത്തിന്റെ നഖത്തിന്റെയും മുടിയുടെയും പരിശോധന ഫലത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചാൽ മാത്രമേ ശ്രീനാഥ് ഭാസി രക്ഷപ്പെടുകയൊള്ളൂ. എന്നാലും അപ്പോഴും ഒരു മാപ്പ് പെന്റിങ്ങിലുണ്ടാകും. അത് റേഡിയോ ജോക്കിയെ തെറി പറഞ്ഞ സംഭവമാണ്. പെണ്ണിനോട് മാപ്പു പറയാം റേഡിയോ ജോക്കി ആണായതിനാൽ അതു പറയേണ്ടതില്ല എന്ന ബോധം എന്തായാലും അത്ര നല്ല ബോധമല്ല. ആണായാലും പെണ്ണായാലും കേൾക്കുന്ന തെറിയുടെ അർത്ഥം ഒന്നു തന്നെയാണ്. സ്ത്രീകൾക്കു മാത്രമല്ല തെറികേട്ടാൽ പുരുഷൻമാർക്കും അപമാനമുണ്ടാകും. അതാകട്ടെ സ്വഭാവികവുമാണ്. മാധ്യമ പ്രവർത്തകയെ വിളിച്ചു വരുത്തി ഭാസിയെ കൊണ്ട് മാപ്പ് പറയിച്ചവർ പച്ചത്തെറി ഏറ്റു വാങ്ങിയ റേഡിയോ ജോക്കിയെ വിളിച്ചു വരുത്താതിരുന്നത് ഇരട്ടതാപ്പാണ്. ഉത്തരവാദപ്പെട്ട ഒരു സംഘടനയ്ക്ക് ചേരുന്ന നിലപാടല്ല ഇത്. മാധ്യമ പ്രവർത്തകയെ തെറി പറഞ്ഞ കാര്യം അവർ പറഞ്ഞ അറിവ് മാത്രമാണ് നാടിനുള്ളത്. എന്നിട്ടും സമൂഹം അവർക്കൊപ്പം നിന്നു. എന്നാൽ റേഡിയോ ജോക്കിക്കുണ്ടായ അനുഭവം അങ്ങനെയല്ല ഈ നാട്ടിൽ മാത്രമല്ല കടൽ കടന്ന മലയാളികളും സോഷ്യൽ മീഡിയകളിലൂടെ നേരിട്ടു കണ്ട് അമ്പരന്ന ദൃശ്യമാണത്. പൊലീസിനെ കർശന നടപടിയിലേക്ക് പോകാൻ പ്രേരിപ്പിച്ചതും ഈ ദൃശ്യത്തിലെ ഭാസിയുടെ അസാധാരണ പ്രകടനമാണ്. ഇക്കാര്യം ശ്രീനാഥ് ഭാസിയോട് ക്ഷമിക്കാൻ വെമ്പൽ കൊള്ളുന്ന മാധ്യമ പ്രവർത്തകയും തിരിച്ചറിയുന്നത് നല്ലതായിരിക്കും.

 

EXPRESS KERALA VIEW

Top