ഐഎസ് ഭീകരരെന്ന് സംശയം; തുര്‍ക്കിയിലെ ഇസ്താംബൂളില്‍ 30പേര്‍ തടവില്‍

അങ്കാറ: ഐഎസ് ഭീകരരെന്ന സംശയത്തേത്തുടര്‍ന്ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ 30പേരെ തടവിലാക്കി. സുരക്ഷാ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനേത്തുടര്‍ന്ന് ഏഴ് ജില്ലകളിലായി സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പരിശോധനകളില്‍ സുപ്രധാന രേഖകളും ഡിജിറ്റല്‍ തെളിവുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തെന്നാണ് വിവരം. ഇസ്താംബൂളിലെ പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

ഭീകരരെന്നു സംശയിക്കപ്പെടുന്ന നാലായിരത്തിലേറെപ്പേര്‍ തടവിലുണ്ടെന്ന് ഈ വര്‍ഷമാദ്യം തുര്‍ക്കി ഉപപ്രധാനമന്ത്രി ബെക്കിര്‍ ബൊസ്ദാഗ് വ്യക്തമാക്കിയിരുന്നു. 2011 മുതല്‍ 2018 വരെയുള്ള കാലയളവില്‍ അയ്യായിരത്തിലധികം പേരാണ് ഐഎസിനൊപ്പം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top