യുഗാണ്ടയിൽ സ്കൂളിന് തീയിട്ട് ഐഎസ് ഭീകരർ; 41 മരണം

കംപാല : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ സെക്കൻഡറി സ്കൂൾ ആക്രമിച്ച ഐഎസ് ബന്ധമുള്ള ഭീകരർ 38 വിദ്യാർഥികൾ അടക്കം 41 പേരെ കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കോംഗോ അതിർത്തിയോടു ചേർന്ന എംപോങ്‌വേ പട്ടണത്തിലെ സ്കൂൾ ആക്രമിച്ച ഭീകരർ, കുട്ടികൾ ഉറങ്ങുന്ന ഡോർമിറ്ററിക്കു തീവച്ചു.

സ്കൂളിന്റെ ഗാർഡിനെയും 2 നാട്ടുകാരെയും വെട്ടിയും വെടിവച്ചും കൊന്നു. സ്കൂളിലെ ഭക്ഷ്യസംഭരണകേന്ദ്രം കൊള്ളയടിച്ച ഭീകരർ 6 പേരെ തട്ടിക്കൊണ്ടുപോയി. സംഭവമറിഞ്ഞ് സൈന്യമെത്തുമ്പോഴേക്കും അഞ്ചംഗ ഭീകരസംഘം കടന്നുകള‍ഞ്ഞു. ഒട്ടേറെ കുട്ടികൾക്കു ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

കിഴക്കൻ കോംഗോ ആസ്ഥാനമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് യുഗാണ്ട അധികൃതർ അറിയിച്ചു. യുഗാണ്ട പ്രസിഡന്റായ യുവേരി മുസേവെനിക്കെതിരെ സായുധകലാപം നടത്തുന്ന എഡിഎഫിന് ഐഎസ് ബന്ധമുണ്ട്. 1998 ൽ എഡിഎഫ് നടത്തിയ സമാനമായ ആക്രമണത്തിൽ 80 വിദ്യാർഥികളാണു കൊല്ലപ്പെട്ടത്.

Top