IS-terrorist class-kerala

ന്യൂഡല്‍ഹി: കേരളത്തില്‍ ഐ.എസിന്റെ തീവ്രവാദ ക്ലാസുകള്‍ നടക്കുന്നതായി ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ യുവതിയുടെ മൊഴി. കേരളത്തില്‍ നിന്ന് ഐ.എസ് കേന്ദ്രത്തില്‍ എത്തിയെന്ന് സംശയിക്കുന്നവരെ സഹായിച്ച യാസ്മിന്‍ അഹമ്മദ് (29) ആണ് ദേശീയ അന്വേഷണ ഏജന്‍സിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത്തരം ക്ലാസുകളില്‍നിന്ന് നാല്‍പതിലധികം യുവതീയുവാക്കള്‍ പരിശീലനം നേടിയതായി ഇവര്‍ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലകന്‍ അബ്ദുള്‍ റാഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനമെന്നും ഐ.എസിന്റെ ഭാഗമായ ദായേഷ് എന്ന വിഭാഗമാണ് ക്ലാസുകള്‍ നടത്തുന്നതെന്നും യാസ്മിന്‍ അഹമ്മദ് എന്‍.ഐ.എയോട് വെളിപ്പെടുത്തി.

ഏതാനും നാളുകളായി ഇന്ത്യയില്‍ ദായേഷിന്റെ സാന്നിധ്യം കണ്ടുവരുന്നതായി എന്‍.ഐ.എ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. ദായേഷ് അംഗങ്ങളോ അനുഭാവികളോ ആയ 40 പേരെങ്കിലും 2014 മുതല്‍ക്കുള്ള കാലയളവില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഹാര്‍ സ്വദേശിയായ യാസ്മിന്‍ മൂന്നു വര്‍ഷമായി കേരളത്തിലായിരുന്നു. മലപ്പുറത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍.

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്.) ബന്ധമുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ച തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദുമായി യാസ്മിന് അടുപ്പമുണ്ടെന്ന് പോലീസ് കണ്ടെത്തി. അബ്ദുല്‍ റാഷിദും ഈ സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഇവിടെ വെച്ചാണ് അബ്ദുല്‍ റാഷിദുമായി പരിചയത്തിലാകുന്നത്.

കോഴിക്കോട്ടും കാസര്‍കോട്ടും മാസങ്ങളോളം തങ്ങിയ യാസ്മിന്‍ കേരളം വിട്ടതിനെ തുടര്‍ന്ന് ബംഗളൂരു കേന്ദ്രമായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഡല്‍ഹിയില്‍നിന്ന് അഫ്ഗാനിസ്താനിലെ കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആഗസ്ത് രണ്ടിന് യാസ്മിന്‍ അഹമ്മദിനെ കേരള പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

Top